രാവുകളെ ഉറക്കാതെ ഖർഖാഊൻ
text_fieldsരാജ്യത്തെ വിവിധയിടങ്ങളിലെ തെരുവുകളിലെ ഖർഖാഊൻ ആഘോഷത്തിൽനിന്ന്
മനാമ: പാരമ്പര്യത്തിലധിഷ്ഠിതമായ ആഘോഷങ്ങളിലൂടെ റമദാനിന്റെ 15ാം രാവും മനോഹരമാക്കി കുട്ടിക്കൂട്ടം. രാജ്യത്തെ വിവിധയിടങ്ങളിലെ തെരുവുകളിൽ മുട്ടിപ്പാട്ടിന്റെയും ചുവടുകളുടെയും അകമ്പടിയോടെ ഖർഖാഊൻ ആഘോഷിച്ചാണ് രാവുകളെ മനോഹരമാക്കിയത്. ഇസ ടൗൺ, മുഹറഖ് പേളിങ് പാത്, റിഫയിലെ ഖലീഫ അൽ കബീർ പാർക്ക് എന്നിവിടങ്ങളിൽ അതിവിപുലമായിതന്നെ ആഘോഷങ്ങൾ അരങ്ങേറി. മധുരം തേടിയിറങ്ങിയ കുട്ടികളെ സ്വീകരിക്കാൻ തെരുവുകളും വീടുകളും വ്യാപാരകേന്ദ്രങ്ങളും രാവേറെ ഉണർന്നിരുന്നു.
കച്ചവടകേന്ദ്രങ്ങൾക്ക് ചുറ്റും മിഠായികളും മറ്റും വാങ്ങാനുള്ളവരുടെ തിരക്കും ഏറെനേരം നീണ്ടു. ചെറിയ തുണി സഞ്ചികളും മറ്റുമായി പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ആൺകുട്ടികളും പെൺകുട്ടികളും തെരുവുകളെ വലയം വെക്കുന്നുണ്ടായിരുന്നു. പ്രായഭേദമന്യേ പലരും കുട്ടികളെ അനുഗമിച്ചു. റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അറാദ് ഫോർട്ടിലും കുട്ടികൾക്കായി ആഘോഷം ഒരുക്കി. ബഹ്റൈനി കുടുംബങ്ങൾ ഏറെ പ്രാധാന്യത്തോടെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒന്നാണ് ഖർഖാഊൻ. രാജ്യത്തിന്റെ പരമ്പരാഗത ശൈലിയുള്ള ഈ ആഘോഷത്തിന്റെ മുഖ്യ പ്രായോജകർ കുട്ടികളാണ്. വിശുദ്ധ റമദാൻ മാസത്തിലെ പകുതിയിലെ രാത്രിയിലാണ് ബഹ്റൈനിലും പ്രധാനമായും ഈ ആഘോഷം അരങ്ങേറുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.