പാരമ്പര്യത്തിന്റെ ഓർമകൾ പെയ്തിറങ്ങുന്ന ഖർഖാഊൻ
text_fieldsറമദാൻ പകുതിയിൽ ബഹ്റൈനിൽ നടക്കുന്ന ഒരു പരമ്പരാഗത ആഘോഷമാണ് ഖർഖാഊൻ എന്നത്. കുട്ടികളുടെ ആഘോഷമായാണിത് അറിയപ്പെടുന്നത്. ബഹ്റൈനിൽ ഇത് ഖർഖാഊൻ നൈറ്റ് എന്നാണ് ഇപ്പോൾ വ്യവഹരിക്കപ്പെടുന്നത്. യു.എ.ഇയിൽ ഹഖുൽ ലൈല, ഖറൻഖഉ എന്നും, ഒമാനിൽ അൽ തലബ, ഖറൻഖശു എന്നും, സൗദി അറേബ്യയിലും കുവൈത്തിലും ഖർഖീആൻ എന്നും, ഖത്തറിൽ അൽ ഖറൻഖഊ എന്നും അറിയപ്പെടുന്ന ഈ ആഘോഷം ഏറ്റക്കുറച്ചിലോടെ എല്ലാ ജി.സി.സി രാജ്യങ്ങളിലും നിലവിലുണ്ട്.
ഈ മാസത്തിലെ കണ്ണിനു കുളിർമ നൽകുന്ന ചടങ്ങ് എന്നർഥം വരുന്ന ‘ഖുർറത്തുൽ ഐൻ’ എന്ന അറബി വാക്കിൽ നിന്നാണ് ഭാഷാപരമായി ഖർഖാഊൻ എന്ന പദം ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. ഖർഖാഊൻ എന്നാൽ എന്തിന്റെയെങ്കിലും ആരംഭം എന്നും അർഥമുണ്ട്. കാലക്രമേണ ‘ഖുർറത്തുൽ ഐൻ’ എന്ന വാക്ക് മാറി ഇപ്പോൾ ‘ഖർഖാഊൻ’ എന്ന് വാക്കിലേക്കെത്തുകയാണുണ്ടായത്. വാതിലിൽ മുട്ടുക എന്നർഥം വരുന്ന ‘ഖറഅ’ എന്ന പദത്തിൽനിന്നാണ് ഖർഖാഊൻ എന്ന പ്രയോഗം ഉണ്ടായതെന്നും പറയപ്പെടുന്നുണ്ട്. ബഹ്റൈനിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, ഖർഖാഊൻ എന്നാൽ പലതരം വസ്തുക്കൾ കൂട്ടിക്കലർത്തിയ ഒരു മിശ്രിതം എന്നതാണ്. ഇതുകൊണ്ട് ഇവിടെ അർഥമാക്കുന്നത് ‘നട്ട്സ്’ എന്നുമാണെന്നും അഭിപ്രായമുണ്ട്.
ബഹ്റൈനി കുടുംബങ്ങൾ ഏറെ പ്രാധാന്യത്തോടെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒന്നാണ് ഖർഖാഊൻ. രാജ്യത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ഈ ആഘോഷത്തിന്റെ മുഖ്യപ്രായോജകർ കുട്ടികളാണ്. വിശുദ്ധ റമദാൻ മാസത്തിലെ പകുതിയിലെ രാത്രിയിലാണ് ബഹ്റൈനിലും പ്രധാനമായും ഈ ആഘോഷം അരങ്ങേറുന്നത്. പല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൈയിൽ വിവിധ വർണങ്ങളാൽ അലങ്കരിച്ച മനോഹരമായ കുഞ്ഞു സഞ്ചികളുമായി പ്രദേശത്തുള്ള വീടുകളിലേക്ക് ദഫ് മുട്ടിന്റെയും പാട്ടിന്റെയും അകമ്പടിയോടെ കുട്ടികൾ സന്ദർശനം നടത്തുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ചടങ്ങ്.
‘പാരമ്പര്യങ്ങളെ മറക്കരുതെ, നന്മകൾ നീണാൾ വാഴട്ടെ’ എന്നർഥം വരുന്ന ഈരടികളും പാടിക്കൊണ്ടാണ് ഈ കുട്ടിക്കൂട്ടം ഓരോ വീടുകളിലുമെത്തുക. തങ്ങളുടെ കൈകളിലുള്ള വർണസഞ്ചികളിലേക്ക് ഓരോ വീട്ടുകാരും പണവും പ്രത്യേകം തയാറാക്കിയ പല വർണങ്ങളിലുള്ള മിഠായികളും ഇട്ടു കൊടുക്കും. ഈത്തപ്പഴം, കാരക്ക, അത്തിപ്പഴം, പിസ്ത, ബദാം, നിലക്കടല, വിവിധ തരം മിഠായികൾ എന്നിവ കൂട്ടിക്കലർത്തിയുള്ളതാണ് ഖർഖാഊൻ വിഭവം. ഇതിനു പുറമെ പലതരത്തിലുള്ള മിഠായികളും പഴങ്ങളും പരസ്പരം കൈമാറാറുണ്ട് ഈ ആഘോഷവേളയിൽ.
പണ്ടു കാലത്ത് ‘ഖർഖഊൻ’ വിഭവം തയാറാക്കി വെച്ചിരുന്നത് ഈന്തപ്പനയോലകൾ കൊണ്ട് നിർമിച്ച ഒരു വലിയ കുട്ടയിലായിരുന്നു. അതിനുള്ളിൽ ഈന്തപ്പന, നിലക്കടല, വാൽനട്ട്, ഉണങ്ങിയ അത്തിപ്പഴം, ചില മധുരപലഹാരങ്ങൾ എന്നിവയാണുണ്ടായിരുന്നത്. കുടുംബങ്ങൾ സംഘടിപ്പിക്കുന്ന ഈ ആഘോഷം തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പ്രധാന ബഹ്റൈനി പാരമ്പര്യമാണ്. റമദാൻ തുടക്കം മുതൽക്ക് തന്നെ കുട്ടികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്യുന്ന ഒന്നാണ് ഈ ആഘോഷം.
അന്നേ ദിവസം കുട്ടികൾ തിരക്കിട്ട് നോമ്പ് തുറന്ന് ചെറുസംഘങ്ങളായാണ് വീടുകളിലേക്ക് പുറപ്പെടുക. ഒരു വീട്ടിൽ പ്രവേശിക്കുമ്പോഴാണ് അവർ പാടാൻ തുടങ്ങുക. ബഹ്റൈനി പാരമ്പര്യ സ്തുതിഗീതങ്ങളും പാടി ഇടവഴികളിലൂടെ സഞ്ചരിക്കുന്ന ഈ കുട്ടിക്കൂട്ടത്തെ ഓരോ കുടുംബവും ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുക. കൂടാതെ യുവാക്കളും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു വീടുകൾ ചുറ്റിനടന്ന് വാതിലുകളിൽ മുട്ടി, പാട്ടുപാടി, അവർക്ക് പണവും ഖർഖാഊൻ വിഭവങ്ങളും നൽകാറുണ്ട്.
സാധാരണ പെൺകുട്ടികൾ അവരുടെ വീടുകൾക്ക് സമീപമുള്ള വീടുകളിൽ നിന്ന് മാത്രമേ ഖർഖാഊൻ ആഘോഷിക്കാറുള്ളൂ. എന്നാൽ ആൺകുട്ടികൾ കറങ്ങി കറങ്ങി അയൽവീടുകൾക്ക് പുറമെ മറ്റു പ്രദേശങ്ങളിലുള്ള വീടുകളിലും സന്ദർശിക്കുകയും അവിടങ്ങളിൽനിന്നുള്ള വിഭവങ്ങൾ ശേഖരിക്കുകയും ചെയ്യും.
പരമ്പരാഗത വസ്ത്രമായ ‘ബുഖ്നുക്’ ആണ് പെൺകുട്ടികൾ ഈ സന്ദർഭത്തിൽ ധരിക്കുക. കറുപ്പ് നിറത്തിലുള്ള നേരിയ ഷിഫോൺ അല്ലെങ്കിൽ ജോർജെറ്റ് തുണി കൊണ്ടാണ് ഇത് നിർമിക്കുന്നത്. സ്വർണ നിറത്തിലുള്ള നൂലുകൾകൊണ്ട് ബുഖ്നുക്കിൽ പല ഡിസൈനുകളിൽ അലങ്കരിക്കും. ചന്ദ്രക്കല എന്നർഥം വരുന്ന അൽ ഹിലാൽ എന്ന സ്വർണാഭരണവും പെൺകുട്ടികൾ ഈ അവസരത്തിൽ അണിയും. പണ്ടുകാലത്ത് ആൺകുട്ടികൾക്ക് നിർമിതമായ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. വീടുകളിൽ ലഭ്യമായ തങ്ങളുടെ പരമ്പരാഗത വസ്ത്രങ്ങളായ നീളൻകുപ്പായവും തലയിൽ ഖഫിയയും അതിൽ ഇഖാലുമാണ് (തലയിലെ ഷാളിനു മുകളിൽ വെക്കുന്ന കറുത്ത കയറു പോലത്തെ ഒരു വസ്തു) ധരിക്കാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് മാതാപിതാക്കൾ തങ്ങളുടെ മക്കളെ കൂടുതൽ വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കുന്നു. അറബ് വസ്ത്രങ്ങളായ ‘സുദൈരി’ ‘ദഖ്ല’ എന്നിവയും ധരിക്കാറുണ്ട്.
‘ഗറാഷികൾ’ എന്നറിയപ്പെടുന്ന ഇറാനിയൻ കച്ചവടക്കാരും ഹൽവക്കച്ചവടക്കാരുമാണ് ഖർഖാഊൻ ഉൽപന്നങ്ങൾ കൂടുതലായി കച്ചവടം നടത്തുന്നത്. ഇവിടെയുള്ള പല സൊസൈറ്റികളും, മന്ത്രാലയങ്ങളും, സ്കൂളുകളും, മാളുകളും ഈ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്ക് ഏറെ സന്തോഷം പകരുന്നതും മുതിർന്നവർക്ക് തങ്ങളുടെ പ്രൗഢമായ കുട്ടിക്കാലത്തിന്റെ ഓർമകൾ തിരിച്ചു നൽകുന്നതുമായ ഈ ആഘോഷം ഏറെ പ്രാധാന്യത്തോടെയാണ് ബഹ്റൈനിൽ നടന്നുവരുന്നത്. മനാമ, റിഫ, മുഹറഖ് സൂഖുകളിലുള്ള കച്ചവടക്കാർ നേരത്തേതന്നെ തങ്ങളുടെ കടകളിൽ വിൽപനക്കുള്ള ഖർഖാഊൻ വിഭവങ്ങൾ നേരത്തേതന്നെ ശേഖരിച്ചു വെക്കുകയും പല നിറത്തിലുള്ള അലങ്കാര വിളക്കുകൾ കൊണ്ട് കടകൾ അലങ്കരിക്കുകയും ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.