കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി നിർമാണം പുരോഗമിക്കുന്നു
text_fieldsമനാമ: സതേൺ ഗവർണറേറ്റിൽ അസ്കറിനു സമീപം കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മനാമയിൽനിന്ന് ഏകദേശം 40 കിലോമീറ്റർ തെക്ക് അൽ ജസെറ ഏരിയയിലാണ് ഒമ്പതു നിലകളിലായി 300 കിടക്ക സൗകര്യമുള്ള ആശുപത്രി നിർമിക്കുന്നത്. അക്കാദമിക് മെഡിക്കൽ സെന്റർ, ഗവേഷണ സൗകര്യമുള്ള മെഡിക്കൽ സ്കൂൾ, സ്റ്റാഫ്, സ്റ്റുഡന്റ്സ് താമസസൗകര്യം, ഭാവി വാണിജ്യ മേഖലകൾ, മറ്റു സഹായ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സംയോജിത അക്കാദമിക് മെഡിക്കൽ സിറ്റി. രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.
70,000 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയുള്ളതാണ് ആശുപത്രി. ഒ.പി ക്ലിനിക്കുകൾ, 15 ഓപറേഷൻ റൂമുകൾ, ആധുനിക സൗകര്യങ്ങളുള്ള ലാബ്, റേഡിയോഗ്രഫി സെന്റർ എന്നിവ ആശുപത്രിയിലുണ്ടാകും.
ഡയബറ്റിസ്, അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ആർട്ടീരിയൽ അസുഖങ്ങൾ എന്നിവക്കായി ഗവേഷണസ്ഥാപനങ്ങളും അനുബന്ധമായി ഉണ്ടാകും. ഹെലിപാഡ് സൗകര്യമുള്ള എമർജൻസി സെന്റർ, ഫിസിയോ തെറപ്പി സെന്റർ എന്നിവയും ആശുപത്രിയിലുണ്ടാകും. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായാൽ ആധുനികമായ മെഡിക്കൽ ഉപകരണങ്ങളും ഐ.ടി സേവനങ്ങളും ലഭ്യമാക്കും. കഴിഞ്ഞ ജൂലൈയിൽ ആശുപത്രി ഉപകരണങ്ങളുടെ വിതരണം സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു. 17.37 ദശലക്ഷം ദീനാർ വിലയുള്ള ഉപകരണങ്ങളാണ് അതുപ്രകാരം ആശുപത്രിയിലെത്തിക്കുക. അറേബ്യൻ ഗൾഫ് യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. സാദ് ബിൻ സൗദ് അൽ ഫുഹൈദ് കഴിഞ്ഞ ദിവസം നിർമാണ പുരോഗതി വിലയിരുത്താനായി സ്ഥലം സന്ദർശിച്ചിരുന്നു. മെഡിക്കൽ വിദ്യാർഥികൾക്ക് നവീനമായ കാര്യങ്ങളിൽ പരിശീലനം ഉൾപ്പെടെ നൽകുന്ന കേന്ദ്രമായി ആശുപത്രി വികസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.എ.എം.സി പ്രോജക്ടിൽ 274 ബെഡുകളുള്ള യൂനിവേഴ്സിറ്റി ആശുപത്രി, 77 ഒ.പി ക്ലിനിക്കുകൾ, 15 ഓപറേറ്റിങ് റൂമുകൾ, മെഡിക്കൽ എജുക്കേഷൻ സെന്റർ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഹമദ് രാജാവ് സംഭാവന ചെയ്ത ദശലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്.
അന്തരിച്ച സൗദി രാജാവ് കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദിയുടെ സഹായത്തോടെയാണ് ആശുപത്രിയുടെ നിർമാണം. സൗദി ഫണ്ട് ഫോർ ഡെവലപ്മെന്റ് വഴിയാണ് സാമ്പത്തികസഹായം നൽകുന്നത്. 2022ൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കോവിഡ് മൂലം നിർമാണം നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.