ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജതജൂബിലി; ആശംസകളുമായി പ്രമുഖർ
text_fieldsമനാമ: രാജാവ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ രജതജൂബിലി വേളയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ആശംസകളുമായി രംഗത്ത്. രാജ്യത്ത് വളർച്ചയുടെയും വികസനത്തിന്റെയും പുതിയ ഒരധ്യായത്തിന് തുടക്കമിടാൻ ഹമദ് രാജാവിന് സാധിച്ചിട്ടുണ്ട്.
എല്ലാ മേഖലകളിലും വളർച്ചയും പുരോഗതിയും നേടിയെടുക്കുന്നതിന് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഗുണകരമായിട്ടുണ്ട്. ബഹ്റൈന്റെ ചരിത്രത്തിൽ ഏറെ തിളക്കമാർന്ന അധ്യായമാണ് ഹമദ് രാജാവിന്റെ കാലഘട്ടം.
നിലവിലുള്ള തലമുറക്കും വരുംതലമുറക്കും അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങൾ രാജ്യത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.
വളർച്ച, പുരോഗതി, നിർമാണം, ആധുനീകരണം, സർവതല സ്പർശിയായ നവീകരണം, സാമൂഹിക പങ്കാളിത്തം എന്നിവ സാധ്യമാക്കുന്നതിന് ഹമദ് രാജാവ് പ്രഖ്യാപിച്ച നാഷനൽ റഫറണ്ടത്തിലൂടെ സാധിക്കുകയുണ്ടായി.
ജനാധിപത്യത്തിന്റെ ശാക്തീകരണം പാർലമെന്റ്, മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലൂടെയും ശക്തമായ കൂടിയാലോചന സമ്പ്രദായം ശൂറ കൗൺസിൽ രൂപവത്കരിക്കുന്നതിലൂടെയും സാധ്യമായിട്ടുണ്ട്.
സുഭിക്ഷത, ദേശീയ ഐക്യം, പരസ്പര സഹകരണം, ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏകോപനം, അറബ് പ്രശ്നങ്ങളിലെ ഏകോപിത നിലപാട്, ബഹ്റൈനും ലോകത്തിനും നൽകിയ സമാധാനപൂർണമായ സഹവർത്തിത്വ മാതൃക, സംവാദാത്മക സാംസ്കാരിക വിനിമയങ്ങൾ, മനുഷ്യാവകാശ മേഖലയിലെ മുന്നേറ്റം, വ്യക്തിസ്വാതന്ത്ര്യം ഉറപ്പാക്കൽ എന്നീ മേഖലകളിലെല്ലാം ശോഭയാർന്ന നിലപാടുകൾ സ്വീകരിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ബഹ്റൈന്റെ ഖ്യാതി ഉയരാനും വിവിധ തലങ്ങളിൽ മികവുറ്റ നേട്ടങ്ങൾ കൊയ്തെടുക്കാനും സാധ്യമായിട്ടുണ്ട്.
ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 രൂപപ്പെടുത്താനും അതിന്റെ ലക്ഷ്യങ്ങൾ നിർണയിച്ച് അവ നേടിയെടുക്കുന്നതിന് വിവിധതല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനും സാമ്പത്തിക ഉത്തേജന പാക്കേജിലൂടെ സുസ്ഥിര വികസനത്തിലേക്ക് ഒരു പടി ഉയരാനും സാധിച്ചിട്ടുണ്ട്.
വരുംകാലങ്ങളിൽ കൂടുതൽ മേഖലകളിൽ വളർച്ചയും വികാസവും സുഭിക്ഷതയും സമാധാനവും ശക്തിപ്പെടുത്തി മുന്നേറാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ സാധ്യമാകട്ടെയെന്നും ആശംസാസന്ദേശങ്ങളിൽ വ്യക്തമാക്കി.
ഹമദ് രാജാവിനെ അഭിനന്ദിച്ച് എം.എ. യൂസുഫലി
മനാമ: ഭരണനേതൃത്വം ഏറ്റെടുത്തിട്ട് 25 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ അഭിനന്ദിച്ച് വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി.
ഹമദ് രാജാവിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസനക്കുതിപ്പിലേക്കാണ് ബഹ്റൈൻ പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് യൂസുഫലി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിലും ജനങ്ങളുടെ ക്ഷേമത്തിലും ഏറെ ശ്രദ്ധയാണ് ഹമദ് രാജാവ് പുലർത്തുന്നത്.
സമാധാനവും ജനങ്ങളുടെ ക്ഷേമവും സഹിഷ്ണുതയും അടിസ്ഥാന പ്രമാണമാക്കിയാണ് രാജ്യം പുരോഗതിയിലേക്കു കുതിക്കുന്നത്. വികസനത്തിലൂന്നിയ ഭരണനേതൃത്വത്തിന്റെ ഈ കാഴ്ചപ്പാട് ബഹ്റൈനിനെ ഇനിയും ബഹുദൂരം മുന്നോട്ടുനയിക്കും.ബഹ്റൈൻ ഭരണാധികാരിയായി 25 വർഷം തികയുന്ന ഈ അവസരത്തിൽ ഹമദ് രാജാവിനും കിരീടാവകാശി സൽമാൻ രാജകുമാരൻ, രാജകുടുംബാംഗങ്ങൾ, ബഹ്റൈൻ ഗവൺമെൻറ്, പൗരന്മാർ, താമസക്കാർ ഉൾപ്പെടെ എല്ലാവർക്കും ആശംസകൾ നേരുന്നതിനോടൊപ്പം കൂടുതൽ കൂടുതൽ നന്മയും സമൃദ്ധിയും ബഹ്റൈനിന് കൈവരട്ടെയെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
ഹമദ് രാജാവിന് ആശംസകൾ -ഡോ. വർഗീസ് കുര്യൻ
(ചെയർമാൻ, മാനേജിങ് ഡയറക്ടർ വി.കെ.എൽ, അൽ നമൽ ഗ്രൂപ്)
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സിംഹാസനാരൂഢനായതിന്റെ 25ാം വാർഷികം ആചരിക്കുകയാണ് രാജ്യം. ഹമദ് രാജാവിന്റെ ഭരണത്തിൻ കീഴിൽ അനുദിനം അഭിവൃദ്ധിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിനൊന്നാകെ അഭിമാന നിമിഷമാണിത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അഭിമാനവേള കൂടിയാണ് ഇത്. രാജ്യത്തെയാകെ മാറ്റിത്തീർത്ത വികസന പദ്ധതികളാണ് ഹമദ് രാജാവിന്റെ ഭരണകാലത്ത് നടപ്പാക്കപ്പെട്ടത്. ഈ ഇരുപത്തിയഞ്ചു വർഷത്തിനുള്ളിൽ രാജ്യം ലോകത്തിനു മുന്നിൽ അഭിമാനാർഹമായ നിലയിലേക്ക് മാറിക്കഴിഞ്ഞു. ഏറ്റവും ആധുനികമായ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് വികസനക്കുതിപ്പിലേക്ക് രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹവും കരുതലും നമ്മൾ അടുത്തുനിന്നു കണ്ട സമയമായിരുന്നു കോവിഡ് മഹാമാരിയുടെ കാലം. അന്നു പകച്ചുനിന്ന ജനത്തെ സംരക്ഷിക്കുകയും തളർന്നുപോയ വ്യവസായ, വാണിജ്യ മേഖലകളെ സഹായിക്കുകയും ചെയ്തുകൊണ്ട് കരുതലിന്റെ വലിയ മാതൃകയാണ് രാജ്യം ലോകത്തിന് നൽകിയത്. കോവിഡ് കാലത്ത് സാമ്പത്തികരംഗത്തിനുണ്ടായ തളർച്ചയെ അതിജീവിക്കാനുതകുന്ന നടപടികളാണ് രാജ്യം അതിനുശേഷം സ്വീകരിച്ചത്.
സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലൂടെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കുതിക്കുകയാണ് രാജ്യം. മാത്രമല്ല സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാതൃക ലോകത്തിനു സമ്മാനിച്ചുകൊണ്ട് രാജ്യം ഉജ്ജ്വലമായി ലോകരാജ്യങ്ങൾക്കു മുന്നിൽ പ്രശോഭിക്കുന്നു. അതുകൊണ്ടുതന്നെ കരുത്തുറ്റ ഭാവിയാണ് ഈ രാജ്യത്തെ കാത്തിരിക്കുന്നത്. ഹമദ് രാജാവിനും ബഹ്റൈൻ ജനതക്കും എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.