കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തനം തുടങ്ങി
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ ആതുരാലയമായ കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി. ഔട്ട് പേഷ്യന്റ് വിഭാഗം നിലവിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സർജറി, ഗൈനക്കോളജി വിഭാഗങ്ങൾ 26ന് പ്രവർത്തനം തുടങ്ങും. 120 വർഷത്തെ ചരിത്രം പേറുന്ന ആശുപത്രി ലോകത്തിലെ തന്നെ മികച്ച ആശുപത്രികളിൽ ലഭ്യമാകുന്ന എല്ലാ സജ്ജീകരണങ്ങളോടെയാണ് നവീകരിച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സർജറി യൂനിറ്റിലും ഗൈനക്കോളജി വിഭാഗത്തിലുമുൾപ്പെടെ ഏറ്റവും ആധുനികമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശസ്ത്രക്രിയ സമയത്ത് ലോകത്തെ ഏതു വിദഗ്ധ ഡോക്ടറുമായും ഓൺലൈനായി കൺസൽട്ട് ചെയ്യാനുള്ള സംവിധാനമുണ്ട്. ശസ്ത്രക്രിയ മുറിയിലെ പ്രകാശസംവിധാനവും ഉപകരണങ്ങളും അത്യാധുനികമാണ്. വിശാലമായ ലോബികളും റൂമുകളുമാണ് ഒരുക്കിയിട്ടുള്ളത്. ഡീലക്സ്, സൂപ്പർ ഡീലക്സ്, റോയൽ കാറ്റഗറികളിൽ മുറികൾ ലഭ്യമാണ്. എല്ലാ മുറികളും പുറത്തെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാവുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. അണുബാധകൾ ഒഴിവാക്കാനായി ലിഫ്റ്റുകളുടെയടക്കം സ്വിച്ചുകൾ ടച്ച് ലെസ് ആയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് ആധുനിക സൗകര്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നതെന്ന് സി.ഇ.ഒ ഡോ. ജോർജ് ചെറിയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.