കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലും മയോ ക്ലിനിക്കും സഹകരണത്തിന്
text_fieldsമനാമ: ആരോഗ്യമേഖലയുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് മെഡിക്കൽ പ്രഫഷനലുകൾക്ക് പരിശീലനം നൽകാൻ തീരുമാനം. പൊതു-സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണ് നടപടിയെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി.
മയോ ക്ലിനിക് ഗ്ലോബൽ കൺസൾട്ടിങ്ങിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. ബ്രയാൻ കോസ്റ്റെല്ലോയുമായി ഗുദൈബിയ പാലസിൽ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ കിരീടാവകാശി അഭിനന്ദിച്ചു.
കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലും (KHAMH) മയോ ക്ലിനിക് കെയർ നെറ്റ്വർക്കും തമ്മിലുള്ള സഹകരണ കരാറിനെ അദ്ദേഹം സ്വാഗതം ചെയ്തു. മെഡിക്കൽ വൈദഗ്ധ്യം, കൺസൾട്ടേഷനുകൾ, രോഗനിർണയം, മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവയിലെല്ലാം ആഗോളപ്രശസ്തമായ മയോ ക്ലിനിക്, കിങ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിക്കും. എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിന് പൊതു-സ്വകാര്യ മേഖലകളിലുടനീളം ആരോഗ്യ സേവനങ്ങൾ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണം വികസിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഡോ. കാസ്റ്റെല്ലോ പ്രശംസിച്ചു. രാജ്യത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും അദ്ദേഹം ആശംസിച്ചു. ധനമന്ത്രി, ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ് മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാൽക്കി എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.