ഹമദ് രാജാവും കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും തമ്മിൽ കൂടിക്കാഴ്ച നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ആശംസകൾ നേരുന്നതിന് യു.എ.ഇയിൽ നേരിട്ട് സന്ദർശനം നടത്തിയ കിരീടാവകാശിക്ക് ഹമദ് രാജാവ് നന്ദി പ്രകാശിപ്പിച്ചു. യു.എ.ഇയെ ശരിയായ പാതയിൽ നയിക്കാനും വികസനവും വളർച്ചയും ഉറപ്പാക്കാനും ശൈഖ് മുഹമ്മദിന് സാധ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്‍റെ സംഭാവനകൾ വിലയിരുത്തുകയും അറബ്, ഇസ്ലാമിക സമൂഹത്തിന്‍റെ പുരോഗതിക്കും വളർച്ചക്കും അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.
തദ്ദേശീയമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യുകയും സർക്കാരിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ കൈമാറുകയും ചെയ്തു. രാജ്യത്തിന്‍റെ സർവതോന്മുഖമായ വളർച്ച ഉറപ്പാക്കുന്നതിന് അനുയോജ്യമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിന് സാധ്യമാകട്ടെയെന്ന് രാജാവ് ആശംസിച്ചു. തദ്ദേശീയ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അതുവഴി ജനങ്ങളുടെ സുഭിക്ഷതയും സമാധാനവും ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യും. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ മിതമായ വിലയിൽ ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വിവിധ മേഖലകളിൽ വളർച്ച ഉറപ്പാക്കുന്നതിന് നിക്ഷേപ പദ്ധതികൾ ആവശ്യമാണെന്നും വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും ചർച്ചയായി. സർക്കാരിന്‍റെ മുൻഗണനാ ക്രമങ്ങളും പ്രവർത്തന പുരോഗതിയും കിരീടാവകാശി അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.