പാരമ്പര്യം മുറുകെപ്പിടിക്കുന്നതില്‍ ബഹ്റൈന്‍ മുന്നില്‍ -ഹമദ് രാജാവ്
text_fieldsമനാമ: പാരമ്പര്യവും പൈതൃകവും മുറുകെപ്പിടിക്കുന്നതില്‍ ബഹ്റൈന്‍ മുന്നിലാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്റൈനില്‍ ആരംഭിച്ച അന്താരാഷ്ട്ര പൈതൃക സമിതി യോഗത്തില്‍ പങ്കെടുക്കാൻ എത്തിയവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി പാരമ്പര്യ, ടൂറിസം ജനറല്‍ അതോറിറ്റി ചെയര്‍മാന്‍ പ്രിന്‍സ് സൂല്‍താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സുഊദ്, യുനെസ്കോ പൈതൃക, വിദ്യാഭ്യാസ ഡയറക്ടര്‍ ഓഡ്രി ആസ്ലാവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തു. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ 42 ാമത് സമ്മേളനത്തിന് ബഹ്റൈനാണ് ആതിഥ്യം നല്‍കുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് സാംസ്കാരിക, പാരമ്പര്യ മേഖലകളിലുള്ള 2,000ത്തോളം വിഗദ്ധര്‍ പങ്കെടുക്കും. ഇത്തരമൊരു സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതില്‍ ബഹ്റൈന് ഏറെ സന്തോഷവും അഭിമാനവുമുണ്ട്.
സാംസ്കാരിക, പൈതൃക മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധിയാര്‍ജിച്ചവരുടെ സാന്നിധ്യം സമ്മേളനത്തെ വേറിട്ടതാക്കും. വിവിധ സംസ്കാരങ്ങളും ജനതകളുമായി സഹകരണം വ്യാപിപ്പിക്കാനും അടുത്തറിയാനും ഇത് അവസരമൊരുക്കുമെന്ന് കരുതുന്നതായി രാജാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. മാനവിക നാഗരികതയില്‍ മഹിതമായ ആശയമെന്ന നിലക്ക് തുറന്ന സമീപനവും സഹവര്‍ത്തിത്വവും മുറുകെ പിടിച്ച് മുന്നോട്ട് പോകാന്‍ ബഹ്റൈന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്കാരിക, പൈതൃക മേഖലകളില്‍ ബഹ്റൈനും യുനെസ്കോയും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വിലപിടിച്ച മുത്തുകളുടെ സാന്നിധ്യത്താല്‍ പ്രശസ്തമാണ് ബഹ്റൈന്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനത്തിന് വിജയാശംസകള്‍ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.