പുതിയ ഇറാൻ പ്രസിഡന്റിന് ആശംസ നേർന്ന് ഹമദ് രാജാവ്
text_fieldsമനാമ: ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്ത മസ്ഊദ് പെസഷ്കിയാനെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അഭിനന്ദിച്ചു. പ്രദേശത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനുമായി സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു കഴിയട്ടെയെന്ന് ഹമദ് രാജാവ് ആശംസിച്ചു.
ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ രാജ്യത്തിനുള്ള താൽപര്യം രാജാവ് അടിവരയിട്ടു പറഞ്ഞു. മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളുമായും സഹകരണം വർധിപ്പിക്കുന്നതിനുള്ള ബഹ്റൈനിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ഇറാന്റെ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചു. സഈദ് ജലീലിയെ പരാജയപ്പെടുത്തിയാണ് ഇറാന്റ പുതിയ പ്രസിഡന്റായി പാർലമെന്റംഗം മസ്ഊദ് പെസഷ്കിയാൻ തെരഞ്ഞെടുക്കപ്പെടുന്നത്. പെസഷ്കിയാന് 16.3 മില്യൺ വോട്ടുകൾ ലഭിച്ചപ്പോൾ ജലീലിക്ക് 13.5 മില്യൺ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്.
ജൂൺ 28ന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഹെലികോപ്ടർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറുപേർക്കാണ് ഗാർഡിയൻ കൗൺസിൽ മത്സരിക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.