വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ ഹമദ് രാജാവ് സ്വീകരിച്ചു
text_fieldsമനാമ: വീരമൃത്യുവരിച്ച ബി.ഡി.എഫ് സൈനികരായ ഹമദ് ഖലീഫ അൽ കുബൈസി, ആദം സാലിം നസീബ് എന്നിവരുടെ കുടുംബാംഗങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരുടെയും വേർപാടിലുള്ള ദുഃഖവും പ്രയാസങ്ങളും അറിയിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
യമനിൽ സമാധാനം തിരികെ കൊണ്ടുവരുന്നതിന് ദൗത്യത്തിലേർപ്പെട്ടിരുന്ന സൗദിയുടെ കീഴിലുള്ള അറബ് സഖ്യസേനയിൽ സേവനമനുഷ്ഠിക്കവെയായിരുന്നു ഇരുവരും ഹൂതി തീവ്രവാദികളാൽ കൊല്ലപ്പെട്ടത്. ഇരുവർക്കും പ്രപഞ്ചനാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെയെന്ന് ഹമദ് രാജാവ് പ്രാർഥിച്ചു. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹനവും ക്ഷമയും പ്രദാനം ചെയ്യാനും അവരുടെ വേർപാടുകൊണ്ടുണ്ടായ പ്രയാസം തരണംചെയ്യാനുള്ള കരുത്ത് അല്ലാഹു നൽകട്ടെയെന്നും പ്രാർഥിച്ചു. വീരമൃത്യുവരിച്ചവർ രാജ്യത്തിനും ജനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിമാനകരമായ ചരിത്രം അവശേഷിപ്പിച്ചാണ് കടന്നുപോയിട്ടുള്ളത്. അവരുടെ ധീരതയും സമർപ്പണവും എന്നും രാജ്യം സ്മരിക്കുമെന്നും അഭിമാനകരമായ അവരുടെ രക്തസാക്ഷിത്വം പ്രചോദനമാണെന്നും രാജാവ് കൂട്ടിച്ചേർത്തു. സൈനികരുടെ ബന്ധുക്കൾ ഹമദ് രാജാവിന്റെ നേരിട്ടുളള അനുശോചനത്തിനും ആശ്വാസ വാക്കുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.