ചൈന സന്ദർശനം; ഹമദ് രാജാവ് മടങ്ങിയെത്തി
text_fieldsമനാമ: ചൈന സന്ദർശനത്തിനുശേഷം ഹമദ് രാജാവ് മടങ്ങിയെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായടക്കം ഔദ്യോഗിക ചർച്ചകൾ അദ്ദേഹം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും സഹകരണത്തിലും വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് സന്ദർശനം കാരണമായിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം, നിക്ഷേപം, ധനകാര്യം, ഊർജം, നൂതന സാങ്കേതികവിദ്യ, കൃഷി, മത്സ്യബന്ധനം, വിദ്യാഭ്യാസം, സംസ്കാരം, ടൂറിസം, ആരോഗ്യം, സ്പേസ് എന്നിവയടക്കം മേഖലകളിൽ സഹകരണ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ചൈന-ജി.സി.സി ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പാക്കുക, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക, ചൈന-ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കുക എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പൊതുതാൽപര്യമുള്ള വിഷയങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചയിലുയർന്നിരുന്നു. അറബ് സ്റ്റേറ്റ് കോഓപറേഷൻ ഫോറത്തിന്റെ പത്താം മന്ത്രിതല യോഗത്തിലും ഹമദ് രാജാവ് പങ്കെടുത്തു. നിരവധി ഉദ്യോഗസ്ഥതല ചർച്ചകളും നടന്നു.
ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഡെങ് ലി, ചൈനയിലെ ബഹ്റൈൻ അംബാസഡർ ഡോ. ഘസാൻ ശൈഖോ എന്നിവർ ഹമദ് രാജാവിനെ യാത്രയാക്കാനെത്തിയിരുന്നു. മടങ്ങിയെത്തിയ ഹമദ് രാജാവിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.