മാധ്യമമേഖലയിൽ സ്വാതന്ത്ര്യം നിലനിർത്താൻ പ്രതിജ്ഞാബദ്ധം -ഹമദ് രാജാവ്
text_fieldsമനാമ: മാധ്യമമേഖലയിൽ സ്വാതന്ത്ര്യവും സുതാര്യതയും നിലനിർത്താൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ വ്യക്തമാക്കി.അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ ദിനാചരണ പശ്ചാത്തലത്തിൽ ഇറക്കിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈനികൾക്ക് അദ്ദേഹം ആശംസകൾ നേരുകയും രാജ്യത്തിനും ജനങ്ങൾക്കുമായി കൂടുതൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. വികസനം, വളർച്ച, സമാധാനം എന്നീ മേഖലകളിൽ ശക്തമായ പങ്കാണ് മാധ്യമപ്രവർത്തകർക്ക് നിർവഹിക്കാനുള്ളത്.
എല്ലാ വർഷവും മേയ് മൂന്നിനാണ് യു.എൻ അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. ‘അവകാശങ്ങളിലുറച്ച് ഭാവിക്കായി പ്രവർത്തിക്കാം’ പ്രമേയത്തിലാണ് ഇക്കുറി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. മാധ്യമമേഖലയിലെ പ്രഫഷനലിസവും സാമൂഹിക ബാധ്യതയും മുന്നിൽവെച്ച് മുന്നേറാൻ മാധ്യമ പ്രവർത്തകർക്ക് ബാധ്യതയുണ്ട്. കാലികമായ ജനാധിപത്യ മാറ്റങ്ങളെ ഉൾക്കൊള്ളാനും അഭിപ്രായപ്രകടന സ്വാതന്ത്ര്യം ഉത്തരവാദിത്ത പൂർണമായി വിനിയോഗിക്കാനും സാധിക്കേണ്ടതുണ്ട്.
മനുഷ്യാവകാശവും മാധ്യമ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിൽ ബഹ്റൈന് മുന്നോട്ടു കുതിക്കാനായിട്ടുണ്ടെന്നും ഹമദ് രാജാവ് വിലയിരുത്തി. മനുഷ്യനെ ആദരിക്കാനും വർഗ, വർണ, ഭാഷ, ദേശ, ലിംഗ വ്യത്യാസമില്ലാതെ അവകാശങ്ങൾ വകവെച്ചുകൊടുക്കാനും കഴിയുേമ്പാഴാണ് ഏതൊരു സമൂഹത്തിനും ഉയർന്നുനിൽക്കാൻ സാധിക്കൂവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.