കെ.എം.സി.സി ബഹ്റൈൻ ഗ്രാൻഡ് ഇഫ്താർ വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ വെള്ളിയാഴ്ച ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്റൈനിൽ ആളുകൾ ഒരേ സമയം ഒന്നിച്ചിരിക്കുന്ന ഏറ്റവും വലിയ സമൂഹ നോമ്പുതുറയാണിത്. കഴിഞ്ഞ റമദാനിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ഗ്രാൻഡ് ഇഫ്താറുകളിൽ ഏഴായിരത്തോളം പേർ പങ്കെടുത്തിരുന്നു. മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും.
സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, ബഹ്റൈനിലെ മത, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, മലയാളി സംഘടന ഭാരവാഹികൾ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കെടുക്കും. ഗ്രാൻഡ് ഇഫ്താർ വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയായതായി കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.
സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ കെ.എം.സി.സി ജില്ല/ഏരിയ/മണ്ഡലം/പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെ വിപുലമായ സംഘാടക സമിതിയാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
സമർപ്പണസന്നദ്ധരായ നാനൂറോളം വരുന്ന വളന്റിയർ വിങ് പരിപാടി വിജയിപ്പിക്കാൻ സദാ കർമനിരതരാണ്. ഗ്രാൻഡ് ഇഫ്താറിന് വരുന്നവർ വൈകുന്നേരം അഞ്ചിനു മുമ്പായി സ്കൂൾ ഗ്രൗണ്ടിലെത്തണം. നോമ്പുതുറക്ക് തൊട്ടുമുമ്പുള്ള വൈകുന്നേരത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.