കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി തുണയായി; സദാനന്ദൻ നാടണഞ്ഞു
text_fieldsമനാമ: ശരീരത്തിെൻറ ഒരുഭാഗം തളർന്ന് നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം പൊന്മള സ്വദേശി പൂവാട്ടുപറമ്പത്ത് സദാനന്ദന് ഒടുവിൽ ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹായമെത്തി. ഏറെ ആശ്വാസത്തോടെ സദാനന്ദൻ കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങി.
ഭാര്യയും രണ്ട് മക്കളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു സദാനന്ദൻ.
കഴിഞ്ഞ മാർച്ചിൽ മനാമയിലെ ഒരു മിനി മാർക്കറ്റിൽ ജോലി ചെയ്യവേ കോവിഡ് ബാധിതനായി. തുടർന്ന് ബി.ഡി.എഫ് ഹോസ്പിറ്റലിലായിരുന്നു ചികിത്സ. രോഗം ഗുരുതരമായി ഐ.സി.യുവിൽ കഴിയവേ പക്ഷാഘാതവുമുണ്ടായി. തുടർന്ന് അദ്ദേഹത്തെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു.
വിഷമാവസ്ഥയിലായ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ കെ.എം.സി.സി മുന്നിട്ടിറങ്ങുകയായിരുന്നു. സംസ്ഥാന ഭാരവാഹികളായ ഹബീബ് റഹ്മാൻ, അസൈനാർ കളത്തിങ്കൽ, റസാഖ് മൂഴിക്കൽ, കെ.പി. മുസ്തഫ, അബ്ദുറഹ്മാൻ മാട്ടൂൽ, അഷ്റഫ് മഞ്ചേശ്വരം, സിദ്ദീഖ് അദ്ലിയ എന്നിവരുടെ സഹകരണത്തോടെ എംബസിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് കമ്മിറ്റി ഭാരവാഹികൾ സദാനന്ദൻ ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ടു. ടിക്കറ്റും മറ്റു കാര്യങ്ങളും ചെയ്യാമെന്ന് കമ്പനി സമ്മതിച്ചു. ഐ.സി.ആർ.എഫ് ചെയർമാനായിരുന്ന അരുൾദാസും ആവശ്യമായ സഹായങ്ങൾ നൽകി.
കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സദാനന്ദനെ തുടർചികിത്സക്കായി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെ.എം.സി.സി ഭാരവാഹികൾ തന്നെയാണ് ഇതിനുള്ള കാര്യങ്ങളും ചെയ്തതെന്ന് ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഗഫൂർ അഞ്ചുവടിയും ആക്ടിങ് ജനറൽ സെക്രട്ടറി വി.കെ. റിയാസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.