മതേതരത്വം ഉദ്ഘോഷിച്ച് കെ.എം.സി.സി മാധ്യമ സെമിനാർ
text_fieldsമനാമ: 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ‘വിധിയെഴുത്ത് പ്രതീക്ഷയും ആശങ്കയും’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ മീഡിയ വിങ് സംഘടിപ്പിച്ച മാധ്യമ സെമിനാർ ശ്രദ്ധേയമായി.
വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രതീക്ഷകളും ആശങ്കകളും വ്യത്യസ്ത കോണിലൂടെ ചർച്ചക്ക് വിധേയമായി.തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ മൃഗീയഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടർച്ച എന്ന പ്രതീക്ഷയിൽനിന്ന് ബി.ജെ.പി ഏറെ പിറകോട്ട് പോകുന്നതാണ് ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ. ഫാഷിസ്റ്റ് വർഗീയതക്ക് കീഴ്പ്പെട്ടിട്ടില്ലെന്നും മതേതര ജനാധിപത്യത്തെ പ്രണവായു ആയി ആശ്ലേഷിക്കാൻ തന്നെയാണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്നും ചർച്ചയിൽ പങ്കെടുത്തവർ വിലയിരുത്തി.
കേരളത്തിൽ സീറ്റുകൾ ലഭിച്ചാലും ഇല്ലെങ്കിലും ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തിൽ സംഭവിക്കുന്ന വളർച്ചയെ പ്രവാസി മലയാളികൾ എന്ന നിലയിൽ നമ്മൾ കരുതലോടെ നോക്കിക്കാണണമെന്നും അഭിപ്രായങ്ങൾ ഉയർന്നു.
മീഡിയ വിങ് ചെയർമാൻ ശംസുദ്ദീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു.
മിഡിലീസ്റ്റിലെ പ്രശസ്ത മാധ്യമപ്രവർത്തകനും, ഗൾഫ് ഡെയിലി ന്യൂസ് മുൻ അസോസിയേറ്റ് എഡിറ്ററുമായ സോമൻ ബേബി ഉദ്ഘാടനം നിർവഹിച്ചു.ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസ്, മീഡിയ വൺ ബഹ്റൈൻ റിപ്പോർട്ടർ സിറാജ് പള്ളിക്കര, മീഡിയ രംഗ് മാനേജിങ് എഡിറ്റർ രാജീവ് വെള്ളിക്കോത്ത്, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, എ.പി. ഫൈസൽ, കെ.പി. മുസ്തഫ എന്നിവർ സംസാരിച്ചു. റഫീഖ് തോട്ടക്കര സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.