സമൂഹ വിവാഹ പ്രഖ്യാപനവുമായി കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി
text_fieldsമനാമ: 2022- 2024 വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം റിവൈവ് '22 മനാമ കെ.എം.സി.സി ഹാളിൽ നടന്നു. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളിൽ മംഗല്യ നിര -2024 ആണ് ഏറ്റവും ശ്രദ്ധേയം. ജില്ലയിലെ നിർധനരായ കുടുംബങ്ങളിലെ മൂന്ന് യുവതികളുടെ വിവാഹത്തിനാവശ്യമായ മുഴുവൻ ചെലവും ജില്ല കമ്മിറ്റി വഹിക്കുന്ന പദ്ധതിയാണിത്.
ജില്ല വർക്കിങ് കമ്മിറ്റി അംഗം അബ്ദുൽ കരീം പെരിങ്ങോട്ട് കുറുശ്ശിയുടെ ഖിറാഅത്തോടെ ആരംഭിച്ച പൊതുപരിപാടി സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ഷറഫുദ്ദീൻ മാരായമംഗലം അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് മുൻ ട്രഷറർ എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി.
രാഷ്ട്രീയ പ്രവർത്തനം എന്നത് അധികാര സ്ഥാനങ്ങൾക്ക് വേണ്ടിയാകരുതെന്നും അങ്ങനെയായാൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒരു പ്രസക്തിയുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾ ഒന്നുമില്ലാത്ത എത്രയോ നിസ്സ്വാർഥരുടെ കഠിനാധ്വാനം കൊണ്ടാണ് ലീഗ് അതിന്റെ പൂർവ കാലത്തെ രചനാത്മകമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കയ്പമംഗലം, സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ ആശംസകൾ നേർന്നു. 2022-2024 കാലയളവിൽ ജില്ല കമ്മിറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ ജില്ല ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി വിശദീകരിച്ചു. ജില്ല കെ.എം.സി.സി മുൻ ട്രഷററും ബഹ്‌റൈനിലെ പ്രമുഖ ബിസിനസുകാരനുമായ ഷൈൻ ഗോൾഡ് എം.ഡി സി.കെ. അബ്ദുറഹിമാൻ വല്ലപ്പുഴയെയും ജില്ല വർക്കിങ് കമ്മിറ്റി അംഗം അഷ്റഫ് മരുതൂരിനെയും ചടങ്ങിൽ ആദരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും നടന്നു. കെ.എം.സി.സി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്‍റ് കുട്ടൂസ മുണ്ടേരി, ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, പാലക്കാട് ജില്ല വൈസ് പ്രസിഡന്‍റുമാരായ നിസാമുദ്ദീൻ മാരായമംഗലം, ഹാഷിക്ക് പത്തിൽ, യൂസഫ് മുണ്ടൂർ, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, സെക്രട്ടറിമാരായ അനസ് തച്ചനാട്ടുകര, ഫൈസൽ വടക്കഞ്ചേരി, യഹിയ വണ്ടുംതറ, ഷഫീഖ് വല്ലപ്പുഴ എന്നിവർ പങ്കെടുത്തു.
ജില്ല ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ട്രഷറർ വി.വി. ഹാരിസ് തൃത്താല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.