ദുരന്തമുഖത്ത് കാരുണ്യസ്പർശവുമായി കെ.എം.സി.സി
text_fieldsമനാമ: ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന നിസ്സഹായരെ സഹായിക്കാനുള്ള കെ.എം.സി.സിയുടെ ഉദ്യമത്തിന് ബഹ്റൈനിലെ പ്രവാസിസമൂഹത്തിൽനിന്ന് ലഭിച്ചത് അഭൂതപൂർവമായ പ്രതികരണം. തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കാനുള്ള ഭരണാധികാരികളുടെ അഭ്യർഥന മാനിച്ചാണ് കെ.എം.സി.സിയും മുന്നിട്ടിറങ്ങിയത്.
ദുരിത ബാധിതർക്ക് സഹായം ആവശ്യമുണ്ടെന്ന വാർത്ത അറിഞ്ഞ ഉടനെ കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ അടിയന്തര യോഗം ചേർന്ന് ജില്ല, ഏരിയ, മണ്ഡലം ഘടകങ്ങൾ മുഖേനയും മനാമ സൂക്, മനാമ സെൻട്രൽ മാർക്കറ്റ് എന്നീ കമ്മിറ്റികൾ മുഖേനയും സഹായം അഭ്യർഥിച്ചു.
48 മണിക്കൂർകൊണ്ട് കെ.എം.സി.സി ആസ്ഥാനത്തേക്ക് ഏതാണ്ട് അരക്കോടി രൂപയുടെ മൂല്യമുള്ള സാധനസാമഗ്രികൾ ഒഴുകിയെത്തി. പുതപ്പുകൾ, തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകൾ തുടങ്ങി അത്യാവശ്യമുള്ള ഭക്ഷണസാധനങ്ങൾ എന്നിവ പ്രവർത്തകരും വളന്റിയർമാരും ശേഖരിച്ചു കൊണ്ടുവന്നു. പിന്നീട് വേർതിരിച്ചു പാക്ക് ചെയ്ത ശേഷം സാധനങ്ങളുടെ വിവരങ്ങൾ അടയാളപ്പെടുത്തി. 8800 കിലോ സാധനങ്ങൾ 350 കാർട്ടണുകളിൽ സുരക്ഷിതമായി പൊതിഞ്ഞു.
രണ്ടു ദിവസങ്ങളായി നേതാക്കളും പ്രവർത്തകരും വിശ്രമമില്ലാതെ രാത്രി വൈകുവോളം പരിശ്രമിച്ചതിന്റെ ഫലമായി സാധനങ്ങൾ കൃത്യമായ വിവരങ്ങളോടെ തുർക്കിയ, സിറിയൻ എംബസികളിൽ എത്തിക്കാൻ കഴിഞ്ഞു. ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി. മുസ്തഫയുടെയും ട്രഷറർ റസാഖ് മൂഴിക്കലിന്റെയും നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായ ശംസുദ്ദീൻ വെള്ളികുളങ്ങര, കെ.കെ.സി മുനീർ, റഫീഖ് തോട്ടക്കര, ഷരീഫ് വില്യാപ്പള്ളി, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ ചേർന്ന് തുർക്കി അംബാസഡർ എസിൻ കാക്കിൽ, സിറിയൻ അംബാസഡർ മുഹമ്മദ് അലി ഇബ്രാഹിം എന്നിവരെ ഏൽപിച്ചു.
കെ.എം.സി.സി ജില്ല, ഏരിയ, മണ്ഡലം ഭാരവാഹികളും വളന്റിയർമാരും ചടങ്ങിൽ സംബന്ധിച്ചു. സന്നദ്ധ സേവനങ്ങൾ ഉൾപ്പെടെ ഏതു സഹായവും ഭാവിയിലും ഇരു രാജ്യങ്ങളുടെയും അംബാസഡർമാർക്കും അധികൃതർക്കും വാഗ്ദാനം ചെയ്തു. കെ.എം.സി.സി ചെയ്യുന്ന അതിരുകളില്ലാത്ത ഇത്തരം സേവനപ്രവർത്തനങ്ങൾ സംഘടനയുടെ വിശാലമായ മാനവിക ബോധത്തിന്റെ മകുടോദാഹരണമാണെന്ന് അംബാസഡർമാർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.