ആഘോഷമായി കെ.എം.സി.സി സോക്കർ ടൂർണമെൻറ്
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ സ്പോർട്സ് വിങ്ങിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് സോക്കർ ടൂർണമെൻറ് പ്രവാസികൾക്ക് ആവേശമായി. ഹൂറ ഗോസി ഗ്രൗണ്ടിൽ നടന്ന ടൂർണമെൻറ് കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ് ഉദ്ഘാടനത്തിന് പകിട്ടേകി.
ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ടൂർണമെൻറ് മുഖ്യ സ്പോൺസർ അൽകറാർ ജനറൽ മാനേജർ ഷമീർ, കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സംസ്ഥാന ഭാരവാഹികളായ ഷാഫി പാറക്കട്ട, റഫീഖ് തോട്ടക്കര, സ്പോർട്സ് വിങ് ചെയർമാൻ ഗഫൂർ കയ്പമംഗലം, സാദിക്ക് മഠത്തിൽ, നിസാർ ഉസ്മാൻ, ഖാൻ അസാക്കോ, ഉമ്മർ മലപ്പുറം, ഫൈസൽ ഇസ്മായിൽ, അഷ്റഫ് കാക്കണ്ടി, അസ്കർ വടകര തുടങ്ങിയവർ സന്നിഹിതരായിരുന്നു. രണ്ടു ദിവസം നീണ്ട ടൂർണമെൻറിൽ പ്രഗത്ഭരായ ഒമ്പത് ടീമുകളാണ് മത്സരിച്ചത്.
പല ടീമുകളും നാട്ടിൽ നിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നും കളിക്കാരെ അണിനിരത്തി. ആദ്യ ദിനം നടന്ന ആവേശം നിറഞ്ഞ ആദ്യ മത്സരത്തിൽ സ്പോർട്ടിങ് എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മിഡ്ലാൻഡ് എഫ്.സി യെ തോൽപിച്ചു.
രണ്ടാം മത്സരത്തിൽ സാൽസറ്റ് എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് മറീന എഫ്.സി യെ പരാജയപ്പെടുത്തി.
മൂന്നാം മത്സരത്തിൽ യുവകേരളയും ഐ.എസ്.എഫ് എഫ്.സിയും ഓരോ ഗോളുകൾ അടിച്ച് സമനില പാലിച്ചു. സ്പോർട്ടിങ് എഫ്.സി യുടെ രണ്ടാം മത്സരത്തിൽ അൽ കേരളാവി എഫ്. സിയുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
മറ്റൊരു മത്സരത്തിൽ എഫ്.സി ഗ്രോ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മറീന എഫ്.സി യെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ആറാം മത്സരത്തിൽ ആദ്യ മത്സരം സമനിലയിൽ കുടുങ്ങിയ ഐ.എസ്.എഫ്, എഫ്.സി രണ്ടാം മത്സരത്തിൽ കെ.എം.സി.സി എഫ്.സി യെ സമനിലയിൽ കുരുക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ അൽ കേരളാവി എഫ്.സി മിഡ്ലാൻഡ് എഫ്.സിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു.ആദ്യ മത്സരത്തിൽ വിജയിച്ച എഫ്.സി ഗ്രോ രണ്ടാം മത്സരത്തിൽ സാൽസെറ്റ് എഫ്.സിയോട് രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു.
അവസാന മത്സരത്തിൽ കെ.എം.സി.സി എഫ്.സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവകേരള എഫ്.സിയോട് അടിയറവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.