കോവിഡ് ടെസ്റ്റ്: കുട്ടികൾക്ക് ഗൾഫ് എയറും ഇളവ് അനുവദിച്ചു
text_fieldsമനാമ: ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽനിന്ന് കുട്ടികളെ ഗൾഫ് എയറും ഒഴിവാക്കി. ആറു വയസ്സും അതിൽ താഴെയുമുള്ളവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഗൾഫ് എയർ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചൊവ്വാഴ്ച തന്നെ കുട്ടികൾക്ക് ഇളവ് നൽകുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. വിമാനക്കമ്പനികൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതോടെ യാത്രക്കാർക്കും ജീവനക്കാർക്കുമുണ്ടായ ആശയക്കുഴപ്പത്തിനാണ് പരിഹാരമായത്. തിങ്കളാഴ്ച കോഴിക്കോടുനിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ നാലു കുട്ടികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു.
ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ ആറ് വയസ്സിൽ താഴെയുള്ളവർക്ക് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, എയർലൈൻസുകൾ എല്ലാ യാത്രക്കാർക്കും നിബന്ധന ബാധകമാക്കുകയാണ് തുടക്കത്തിൽ ചെയ്തത്. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ബഹ്റൈനിലേക്ക് വരുന്ന ആറ് വയസ്സിന് മുകളിലുള്ളവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിെൻറ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. സർട്ടിഫിക്കറ്റിൽ സ്കാൻ ചെയ്യാൻ സാധിക്കുന്ന ക്യു.ആർ കോഡ് നിർബന്ധമാണ്.
ബുധനാഴ്ച കൊച്ചിയിൽനിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ ഏതാനും പേരുടെ സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കാതെ വന്നത് പ്രശ്നമായിരുന്നു. വീണ്ടും സർട്ടിഫിക്കറ്റ് വരുത്തി ക്യു.ആർ കോഡ് സ്കാൻ ചെയ്ത ശേഷം മാത്രമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിെൻറ ഭാഗമായാണ് ക്യു.ആർ കോഡ് നിർബന്ധമാക്കിയത്. സർട്ടിഫിക്കറ്റിലെ ക്യു.ആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്നതാണെന്ന് യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് എയർലൈൻസ് പ്രതിനിധികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.