പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രവർത്തനം പ്രവാസ ലോകത്തേക്ക് വ്യാപിപ്പിക്കാൻ കെ.പി.സി.സി
text_fieldsമനാമ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയർശിനി പബ്ലിക്കേഷന്റെ പ്രവർത്തനം ഗൾഫ് മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. പ്രവാസികൾക്കിടയിൽ വായനയും, എഴുത്തും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് പ്രിയർശിനി പബ്ലിക്കേഷൻ കോർഡിനേറ്റർമാരെ നിയമിച്ചു.
ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി സൈദ് എം.എസിനെ ബഹ്റൈൻ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്തതായി കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാനുമായ അഡ്വ.പഴംകുളം മധു അറിയിച്ചു.
പ്രവാസി മലയാളികൾക്കിടയിൽ സാഹിത്യ അഭിരുചി വളർത്തിയെടുക്കുകയാണ് ഗൾഫിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ പ്രിയർശിനി പബ്ലിക്കേഷൻ ലക്ഷ്യമിടുന്നത്.
സാഹിത്യ, സാംസ്കാരിക ചടങ്ങുകൾ സംഘടിപ്പിക്കുക, പുസ്തക മേളകൾ സംഘടിപ്പിക്കുക, പ്രവാസികളുടെ മക്കൾക്കിടയിൽ എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുക, ദേശീയ നേതാക്കന്മാരുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പുസ്തകങ്ങൾ പ്രവാസി സമൂഹത്തിന് ലഭ്യമാക്കുക, ഫാസിസ്റ്റ് വിരുദ്ധരായ എഴുത്തുകാർ അരികുവൽക്കരിക്കപ്പെടുന്നതിനെ പ്രതിരോധിക്കുക തുടങ്ങിയവയും പ്രിയർശിനി പബ്ലിക്കേഷന്റെ ലക്ഷ്യങ്ങളാണ്.
സംഘടനയുടെ നേതൃത്വത്തിൽ ബഹ്റൈനിലും നിരവധിയായ സാഹിത്യ സാംസ്കാരിക ചടങ്ങുകൾ സംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് ബഹ്റൈൻ കോർഡിനേറ്റർ സൈദ് എം.എസ് പറഞ്ഞു.
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ കൃതികൾ പ്രസിദ്ധീകരിക്കുവാനുള്ള സൗകര്യം സംഘടന ചെയ്തു കൊടുക്കും. കൂടാതെ എഴുത്തിന്റെയും വായനയുടെയും വഴിയിലേക്ക് പുതിയ പ്രവാസി തലമുറയെയും കൊണ്ട് വരുന്നതിന് വിവിധങ്ങളായ പരിപാടികൾ ആവിഷ്കരിച്ചു സംഘടന നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ കഴിഞ്ഞു മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കാതെ ഏകാന്തത അനുഭവിക്കുന്ന പ്രവാസികളെ വായനയുടെ പുതിയ ലോകത്തേക്ക് കൂട്ടികൊണ്ട് പോകുവാനും, മാനസിക സംഘർഷം ഇല്ലാതെ ആക്കി, മാനസിക ആരോഗ്യം മെച്ചപ്പെടുത്തി, ജീവിതം നയിക്കുവാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും.
ലക്ഷ്യം പൂർത്തീകരിക്കുന്നതിന് അക്ഷര സ്നേഹികളായ മുഴുവൻ ബഹ്റൈൻ പ്രവാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും സൈദ് എം.എസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.