പ്രവാസത്തിന് വിട; കൃഷ്ണൻകുട്ടി ഇന്ന് നാട്ടിലേക്ക്
text_fieldsമനാമ: നീണ്ട 38 വർഷത്തെ പ്രവാസജീവിതത്തിനുശേഷം കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണൻകുട്ടി (60) ഇന്ന് ജന്മനാട്ടിലേക്കു മടങ്ങുന്നു. നിരവധി വർഷത്തെ അനുഭവങ്ങളും ഒാർമകളും നെഞ്ചേറ്റിയാണ് പ്രവാസജീവിതത്തിന് അദ്ദേഹം വിട നൽകുന്നത്.
ജീവിതപ്രാരബ്ധങ്ങൾ നിബന്ധിച്ചപ്പോൾ, 1983 ജനുവരി നാലിനാണ് കൃഷ്ണൻകുട്ടി ബഹ്റൈെൻറ മണ്ണിൽ കാലുകുത്തിയത്. 36 വർഷവും ഡ്രൈവറായാണ് ജോലി ചെയ്തത്. അതിൽ 18 വർഷം മുനിസിപ്പാലിറ്റിയുടെ കീഴിലായിരുന്നു. പിന്നീട് ജി.സി.സി എന്ന കമ്പനിയിലേക്കു മാറി. ഒക്ടോബർ 20നാണ് ജോലിയിൽനിന്ന് വിരമിച്ചത്.
പ്രവാസജീവിതത്തെക്കുറിച്ച് സന്തോഷം നിറഞ്ഞ ഒാർമകളാണ് അദ്ദേഹത്തിനുള്ളത്. ദീർഘകാലം മുനിസിപ്പാലിറ്റിയുടെ കീഴിൽ സേവനം ചെയ്തതിനാൽ തദ്ദേശീയരോടും അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ബഹ്റൈൻ സർക്കാറിനോടും അധികാരികളോടും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടുമുള്ള സ്നേഹവും കടപ്പാടും ഹൃദയത്തിൽ സൂക്ഷിച്ചാണ് കൃഷ്ണൻകുട്ടി നാട്ടിലേക്കു മടങ്ങുന്നത്.
ജോലി കഴിഞ്ഞുള്ള സമയം സാമൂഹികസേവനത്തിൽ മുഴുകുന്നതിലാണ് അദ്ദേഹം സന്തോഷം കണ്ടെത്തിയത്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം നിറഞ്ഞുനിന്നു. ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ നിശ്ശബ്ദ സാമൂഹിക പ്രവർത്തകനുള്ള പ്രഥമ പുരസ്കാരം തേടിയെത്തിയതും അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്. ഭാര്യ ആനന്ദവല്ലി നാട്ടിലാണുള്ളത്. ഏകമകൾ ആർഷ കൃഷ്ണനും കുടുംബവും ലണ്ടനിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.