കുളമ്പ്
text_fieldsകുറെ വർഷങ്ങൾക്കുശേഷം ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള വരവാണ്. വരുമ്പോൾ ഒറ്റ ആഗ്രഹമേ മനസ്സിലുണ്ടായിരുന്നുള്ളു, പഴയ തറവാട്ട് വീട്ടിലേക്കൊന്ന് പോകണം, ആ വീടും പറമ്പും ഒന്ന് ചുറ്റിനടന്ന് കാണണം. എന്നെ ഞാനാക്കിയ നന്മയുള്ള ആ ഓർമകളിലേക്കൊന്ന് പോകണം.
‘കോളിക്കടവ്’ എല്ലാവർക്കും അഭിമാനത്തോടെ പറയാൻ പറ്റുന്ന പുഴയും തോടും വയലും പിന്നെ നല്ലൊരു ഫുട്ബാൾ മൈതാനവും കാവും അമ്പലവും ഒക്കെയുള്ള ഗ്രാമം. അതുകൊണ്ടുതന്നെ ക്ഷീണമുണ്ടായിട്ടും ഉറങ്ങാതെ ഞാൻ കാഴ്ചകൾ കാണുകയായിരുന്നു. വായനശാലയിലെ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ കലുങ്കിനടുത്ത് എത്തിയപ്പോൾ ഞാൻ പറഞ്ഞു ...ഇവിടെ നിർത്തിക്കോളൂ.
വർഷങ്ങൾ ഇത്രയായിട്ടും കുറച്ച് കെട്ടിടങ്ങളും പുതിയവീടുകളും വന്നതല്ലാതെ കോളിക്കടവിന് കാര്യമായ മാറ്റമൊന്നും തോന്നിയില്ല. വായനശാല ടൗണിന് പുറകിലുള്ള തോടും കലുങ്കും എല്ലാം അതുപോലെത്തന്നെ. പുറമ്പോക്കിലുള്ള അക്കേഷ്യ മരങ്ങൾ വെട്ടി മറ്റേതോ മരങ്ങൾ വെച്ചിരിക്കുന്നു. എനിക്ക് നഷ്ടബോധം തോന്നിയതും ആ ഒരു കാര്യമായിരുന്നു. മഞ്ഞനിറത്തിൽ നിറഞ്ഞ് പൂക്കുന്ന അക്കേഷ്യ മരവും അതിന്റെ മത്ത് പിടിപ്പിക്കുന്ന സുഗന്ധവും.
ടാറിട്ട റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴിയുടെ എതിർവശത്തായി പൂത്തുനിൽക്കുന്ന മെയ്ഫ്ലവർ(ഗുൽമോഹർ) വളർന്ന് വലുതായി റോഡിന്റെ എതിർ വശത്ത് വരെ അതിന്റെ ശിഖരങ്ങൾ എത്തിയിരുന്നു.
രക്തവർണ പുഷ്പം നിറഞ്ഞ്നിൽക്കുന്ന മെയ്മാസറാണിയെ നോക്കിനിൽക്കവേ ഒരു കാറ്റ് വന്ന് അതിന്റെ പൂക്കളെ താഴേക്ക് തട്ടിയിട്ടു. അതിലൊരിതള് നെറ്റിയിലേക്ക് അഴിഞ്ഞുവീണ എന്റെ മുടിയിഴയിൽ തങ്ങിനിന്നു.
ഞാനാ പൂവിതൾ കൈയിലെടുത്ത് പിടിച്ചു. പ്രകൃതിപോലും എന്നെ സ്വീകരിക്കുന്നതായി എനിക്ക് തോന്നി. തറവാട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഞാനാ പറമ്പൊക്കെ നോക്കുവാരുന്നു. അപ്പോഴാണ് മുറ്റത്തിന്റെ വലതുഭാഗത്ത് നിന്നിരുന്ന കുറുക്കൻ മാവ് ഞാൻ ശ്രദ്ധിച്ചത്. ഞാനതിന്റെ ചുവട്ടിലേക്ക് നടന്നു.
മോളേ, എഴുന്നേൽക്ക്, സ്കൂളിൽ പോവേണ്ടേ? അമ്മയുടെ വിളികേട്ട് ഞാൻ കണ്ണുതുറന്നു. സൂര്യന്റെ വെളിച്ചം വാതിലിന്റെ ഇടയിലൂടെ അകത്തേക്ക് വരുന്നുണ്ട്. പതിവായി കേൾക്കാറുള്ള പക്ഷികളുടെ കലപിലയും കേൾക്കുന്നുണ്ട്. കാറാടൻ ചാത്തനും മണ്ണാത്തിപ്പുള്ളും മഞ്ഞക്കിളിയും ഒക്കെയുണ്ട് ആ കൂട്ടത്തിൽ. ഇന്ന് അവർ നല്ല സന്തോഷത്തിലാണെന്ന് തോന്നുന്നു. ഞാൻ പതിയെ എഴുന്നേറ്റ് ഇറയത്തേക്ക് പോയി.
നോക്കുമ്പോഴതാ വീടിന്റെ മുന്നിൽ വലതുവശത്തായി ഒരു കുറുക്കൻ മാവോട് ചേർത്ത് ആപ്പന്റെ മൂരിയെ കെട്ടിയിരിക്കുന്നു. ഞാൻ കുറച്ചുനേരം അതിനെ നോക്കിയിരുന്നു. എന്നിട്ട് അടുക്കള ഭാഗത്തുള്ള ചേതിയിൽ അമ്മിത്തണയുടെ അടുത്ത് പോയി ഉമിക്കരിയും കൈയിലെടുത്ത് മുറ്റത്തേക്ക് ഇറങ്ങി.
അമ്മ കിണറ്റിൽനിന്ന് വെള്ളം കോരുന്നുണ്ടായിരുന്നു. അമ്മേ അതെന്താ ആപ്പന്റെ മൂരിയെ അവിടെ കെട്ടിയിരിക്കുന്നത്? ഞാൻ ചോദിച്ചു. ആപ്പനതിനെ വിൽക്കുവാണ്.
എന്തിന്? അതിന്റെ കുളമ്പ് തയഞ്ഞെന്നോ, പണിയൊക്കെ കുറവാണെന്നോ, എന്തൊക്കെയോ പറയുന്നത് കേട്ടു. അപ്പോ മണിയനെ ആരാ വാങ്ങ്വാ?
ഏതോ രണ്ട് കാക്കമാര് വരുമെന്നാ പറഞ്ഞേ. എനിക്ക് വല്ലാത്ത വിഷമം തോന്നി.നല്ല ഭംഗിയുള്ള മൂരിയായിരുന്നു. വെളുത്ത് നല്ല മിനുസമുള്ള ശരീരമാണതിന്. മാനിന്റെ കണ്ണുപോലെ ഭംഗിയുള്ള കണ്ണുകൾ, മറ്റു മൂരികളെപ്പോലെ വികൃതിയൊന്നും കാണിക്കില്ല. കുളമ്പിന് ഇരുമ്പ് കഷ്ണം അടിച്ച് കയറ്റുമ്പോൾ പോലും അത് കരയാതെ, അനങ്ങാതെ നിൽക്കുവാരുന്നു. വെറും പാവത്താൻ, എല്ലാവരുടേയും അരുമയായ മണിയൻ.
ഞാൻ പല്ലും തേച്ചുകൊണ്ട് മണിയന്റെ അടുത്തേക്ക് പോയി. കഴുത്തിൽ ചുവന്ന തുണി ചുരുട്ടി വലിയ മുത്ത് കോർത്ത ഒരു മാല കെട്ടിയിരുന്നു. അതിൽ ഒരു മണിയും. പാവമായിരുന്നെങ്കിലും മണിയന്റെ തൊട്ടടുത്ത് നിൽക്കാൻ എനിക്ക് ഭയമായിരുന്നു. ഒരു കൈ അകലം പാലിച്ചാണ് എന്റെ നിൽപ്.
അപ്പോഴാണ് ഇറയത്തുനിന്ന് അമ്മുമ്മ മുറുക്കാനും ചവച്ചുകൊണ്ട് മാതു ഏച്ചിയോട് പറയുന്നത് ഞാൻ ശ്രദ്ധിച്ചത്. ഇന്നലെ രാത്രി ആ മൂരിയെ വിലയെല്ലാം പറഞ്ഞ് ഉറപ്പിച്ചതാണെന്നും രാവിലെ ആറ് മണിക്ക് അതിനെ കൊണ്ട്പോവാൻ അവർ വന്നതാണെന്നും. എന്നിട്ടെന്താ കൊണ്ടോവായിന്? മാതു ഏച്ചി ചോദിച്ചു.
മൂരി ആലേന്ന് പുറത്തെറങ്ങീറ്റില്ലപ്പ, അതിന് മനസ്സിലായിന് തോന്നുന്നു. അവരാണെങ്കില് പിടിച്ച് വലിച്ച് നോക്കീന്, അതെറങ്ങീറ്റില്ല -അമ്മമ്മ പറഞ്ഞു.
അതേപ്പാ അറക്കണ ആളേ കാണുമ്പം മൂരിക്കും പശൂനും എല്ലാം മനസ്സിലാകുംന്ന് തോന്നുന്നു -മാതു ഏച്ചി പറഞ്ഞു. എന്റെ നെഞ്ചിലൂടെ മിന്നലുപോലെന്തോ പോയി!
അപ്പോഴേക്കും ആപ്പ്ന്റെ മോള് രാഖിയും മൂത്തമ്മേന്റെ മോനും അനിയത്തിയും ഒക്കെ മണിയന്റെ ചുറ്റിലും വന്ന് നിന്നു. രാഖി മണിയന്റെ നെറ്റിയിലും മുഖത്തും ഒക്കെ തലോടുകയാണ്.
ഇവൻ നമ്മളെ വിട്ട് പോവുകയാണ്, ഇനി കാണാൻ പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞുകൊണ്ട്. അവരൊക്കെ അടുത്തുള്ള ധൈര്യത്തിൽ ഞാനും മണിയന്റെ നെറ്റിയിൽ തലോടി. മണിയന്റെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു.
കണ്ണിന് താഴെ കണ്ണുനീരൊലിച്ച് മങ്ങിയ പാടുണ്ടായിരുന്നു. ഇശ്വരാ… മണിയനെല്ലാം മനസ്സിലാവുന്നുണ്ടോ? ഞാൻ ചിന്തിച്ചു. പല്ല് തേച്ച് മുഖം കഴുകി അടുക്കളയിലെ ബെഞ്ചിലിരുന്ന എനിക്ക് ആന്റി ചായ എടുത്ത് തന്നു. ആന്റീ എന്തിനാ മണിയനെ അറക്കാൻ കൊടുക്കണെ? വളർത്താൻ കൊടുത്താൽ പോരെ? ഞാൻ ചോദിച്ചു.
മൂരീനെ എല്ലാരും അറക്കാനേ വാങ്ങൂ, വളർത്താൻ വാങ്ങുന്നോര് കണ്ടത്തിൽ പൂട്ടാൻ പോകുന്നോരായിരിക്കണം -ആന്റി പറഞ്ഞു. അതിന് മണിയനെ വളർത്തുന്നോർക്ക് കൊടുത്താൽ പോരെ?ഞാൻ ചോദിച്ചു. അവനെ വളർത്തുന്നോര് വാങ്ങൂലപ്പാ..അവന്റെ കുളമ്പെല്ലാം തേഞ്ഞ് തീർന്നിന്. അതോണ്ടാ ആപ്പൻ അറക്കാൻ കൊടുത്തത്. ആന്റി പറഞ്ഞു.
കുളിച്ച് മാറ്റി എല്ലാവരുടേയും കൂടെ സ്കൂളിൽ പോകുമ്പോഴും കരഞ്ഞ് കലങ്ങിയ മണിയന്റെ കണ്ണുകളായിരുന്നു എന്റെ മനസ്സിൽ. വൈകുന്നേരം സ്കൂളിന്ന് വന്നയുടനെ ഞാനാ മാവിൻ ചോട്ടിൽ പോയി നോക്കി. തട്ടിമറിഞ്ഞ കാടി വെള്ളവും ബക്കറ്റും മണിയനെ കെട്ടിയ കയറും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.
നീയെന്താ അവിടെത്തന്നെ നിന്നത്, ഇങ്ങ് കേറിവാ, ഞാനാലയിൽ പശൂന് വെള്ളം കൊടുക്കുവാരുന്നു -മാമി പറഞ്ഞു. ആ വരുന്നു.. പഴയ ഓർമകളുടെ പച്ചപ്പിൽ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന ചിന്തയോടെ ഞാൻ മാമിയുടെ കൂടെ നടന്നു..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.