തൊഴിൽ വിപണിക്കനുസരിച്ച് സ്വദേശികൾക്ക് പരിശീലനം
text_fieldsമനാമ: തൊഴിൽ വിപണിക്കനുസരിച്ച് ബഹ്റൈനികളെ പരിശീലിപ്പിക്കുന്നതിനും അവരുടെ കരിയർ വിപുലപ്പെടുത്താനുമുള്ള സംരംഭം തംകീൻ തുടങ്ങുന്നു. ഉപ പ്രധാനമന്ത്രിയും സുപ്രീം കൗൺസിൽ ഫോർ ഡെവലപ്മെൻറ് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫയുടെ നിർദേശത്തെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം.
വിദ്യാഭ്യാസം, പരിശീലനം, പ്രഫഷനൽ തൊഴിൽ വിപണി ആവശ്യകതകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്കിൽസ് ബഹ്റൈൻ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുക.
വ്യക്തമായ പരിശീലനത്തിലൂടെ ബഹ്റൈനിലെ തൊഴിൽ വിപണി ശ്രദ്ധേയമാക്കാനുള്ള ശ്രമത്തിലാണ് സ്കിൽസ് ബഹ്റൈൻ ടീമെന്ന് തംകീൻ ചീഫ് എക്സിക്യൂട്ടിവ് ഹുസൈൻ റജബ് പറഞ്ഞു.
പുതുക്കിയതും സമഗ്രവുമായ വിപണിയെന്ന ലക്ഷ്യത്തോടെ വിവിധ തൊഴിൽ മേഖലകളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി. ഫിനാൻഷ്യൽ സർവിസ്, ടെലികമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഇതിനോടകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഭാവിയിൽ പുതിയ മേഖലകൾ കൂട്ടിച്ചേർക്കുമെന്നും റജബ് പറഞ്ഞു.
പഠന-അധ്യാപനാന്തരീക്ഷം വികസിപ്പിക്കുന്നതിനൊപ്പം നൈപുണ്യമുള്ളതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ബഹ്റൈൻ പ്രതിഭകളെ തയാറാക്കാനും ഇത് ഉപകരിക്കുമെന്ന് സ്കിൽസ് ബഹ്റൈൻ ഡയറക്ടർ മുഹമ്മദ് അഹമ്മദി പറഞ്ഞു. സ്വകാര്യ മേഖലയിലെ ബിസിനസ് ഉടമകളുടെ ആവശ്യങ്ങൾ, അവരുടെ മേഖലകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ, നവീകരണത്തിനും ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ബഹ്റൈൻ പ്രതിഭകളുടെ വികസനം എന്നിവ ഈ കമ്മിറ്റികൾ നടപ്പാക്കുമെന്ന് അഹമ്മദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.