പ്രവാസികളെ ജോലിക്കെടുക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ട് -മന്ത്രി
text_fieldsമനാമ: തങ്ങളുടെ സ്ഥാപനങ്ങളിൽ പ്രവാസികളെ ജോലിക്കായി നിയോഗിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ. തൊഴിലവസരങ്ങളുണ്ടാകുമ്പോൾ ബഹ്റൈനികൾക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം. സ്വദേശികളെ ലഭ്യമല്ലാത്ത മേഖലകളിൽ മാത്രമാണ് പ്രവാസികളെ നിയമിക്കുന്നതെന്നും തൊഴിൽ മന്ത്രി പാർലമെന്റിനെ അറിയിച്ചു. ടൂറിസ്റ്റ് വിസയിലെത്തിയ 85,000ഓളം പ്രവാസികൾ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തൊഴിൽ പെർമിറ്റ് നേടിയെന്ന മന്ത്രിയുടെ പ്രസ്താവനയെ തുടർന്നാണ് പാർലമെന്റിൽ ഈ വിഷയത്തിൽ ചർച്ച നടന്നത്.
സ്വദേശികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ചില എം.പിമാരുടെ പരാമർശം തൊഴിൽ മന്ത്രി നിരാകരിച്ചു. വിദേശത്തോ ബഹ്റൈനിലോ ഉള്ള പ്രവാസികളെ, ബിസിനസുകളിലും സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിൽ നിയമിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ജോലി ഒഴിവുണ്ടെങ്കിൽ തൊഴിലുടമകൾ പ്രവാസികളെ അഭിമുഖങ്ങൾക്കും ടെസ്റ്റുകൾക്കുമായി ടൂറിസ്റ്റ് /വിസിറ്റ് വിസകളിൽ ബഹ്റൈനിലേക്ക് ക്ഷണിക്കാറുണ്ട്. അവർ പരീക്ഷകളിൽ വിജയിക്കുകയാണെങ്കിൽ, വിസകൾ റസിഡൻസ് പെർമിറ്റിലേക്ക് മാറ്റുമെന്നും അത് നിയമപരമാണെന്നും മന്ത്രി പറഞ്ഞു.
തെരുവിൽ കാണുന്ന പ്രവാസികളെ വിളിച്ചുകൊണ്ടുപോയി ജോലിക്കെടുക്കുന്നതുപോലെയല്ല അത്, സർക്കാർ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ചാണ് റിക്രൂട്ട്മെന്റ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019നും ഫെബ്രുവരി 2023നും ഇടയിൽ ടൂറിസ്റ്റ് വിസയിലെത്തിയ 84,526 പ്രവാസികൾക്കാണ് തൊഴിൽവിസ നൽകിയത്. രാജ്യത്ത് 4,70000 പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, അവരിൽ 72 ശതമാനം നിർമാണ മേഖലയിൽ 200 ദിനാറിൽ കുറവുമാത്രം വരുമാനമുള്ളവരാണ്.
ഈ ജോലിക്ക് സ്വദേശികൾ തയാറാകില്ലെന്നും മന്ത്രി പറഞ്ഞു. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി പല സ്ഥാപനങ്ങളിലും നൂറുശതമാനം ജീവനക്കാരും ബഹ്റൈനികളായി മാറിയിട്ടുണ്ടെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബോർഡ് ചെയർമാൻ കൂടിയായ മന്ത്രി ചൂണ്ടിക്കാട്ടി. 2022ൽ, ടൂറിസം വിസയിലെത്തിയ 45,204 പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് നൽകിയിരുന്നു. 2023ൽ ആദ്യ രണ്ട് മാസങ്ങളിൽ 7,870 പ്രവാസികൾക്ക് പെർമിറ്റ് നൽകി. 2019ൽ 13,078 ടൂറിസ്റ്റ് വിസകളും 2020ൽ 7,942 ടൂറിസ്റ്റ് വിസകളും റസിഡൻസ് പെർമിറ്റുകളായി മാറ്റി. 2021ൽ 9,424 ടൂറിസ്റ്റ് വിസകളാണ് റസിഡൻസ് പെർമിറ്റുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.