വീട്ടുജോലിക്കാരിയെ സമ്മാനമായി പ്രഖ്യാപിച്ച മാൻപവർ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കി
text_fieldsമനാമ: സോഷ്യൽ മീഡിയ കാമ്പയിനിലെ വിജയിക്ക് വീട്ടുജോലിക്കാരിയെ സമ്മാനമായി പ്രഖ്യാപിച്ച മാൻപവർ ഏജൻസിയുടെ ലൈസൻസ് ബഹ്റൈൻ അധികൃതർ സസ്പെൻഡ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ അറബിക് ഭാഷയിലാണ് പരസ്യം നൽകിയത്. ‘റമദാന് മുന്നോടിയായി മത്സരം; ഇത്യോപിയൻ ഹൗസ്മെയ്ഡിനെ സമ്മാനമായി ലഭിക്കാൻ അവസരം’ എന്നായിരുന്നു പരസ്യ വാചകം. മനുഷ്യക്കടത്തിന് സമാനമായ രീതിയിലാണ് ഇൗ കേസ് അധികൃതർ പരിഗണിച്ചത്. പരസ്യം നൽകിയ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയിട്ടുെണ്ടന്നും ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്നും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടിവ് ഉസാമ അൽ അബ്സി പ്രാദേശിക പത്രത്തോട് പറഞ്ഞു.
‘വീട്ടുജോലിക്കാരിയെ സമ്മാനമായി നേടാം’ എന്ന പരസ്യവാചകം സാമൂഹിക മാധ്യമങ്ങൾ പരിശോധിക്കുന്ന വേളയിലാണ് ശ്രദ്ധയിൽ പെട്ടത്. ഇൗ ഏജൻസിയുടെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർക്കാണ് വീട്ടുജോലിക്കാരിയെ ലഭിക്കാൻ അവസരമൊരുക്കിയിരുന്നത്. മനുഷ്യക്കടത്തിനെതിരായി പ്രവർത്തിക്കുന്ന ‘നാഷണൽ കമ്മിറ്റി ഫോർ കോമ്പാറ്റിങ് ട്രാഫിക്കിങ് ഇൻ പേഴ്സൺസ്’ തലവൻ കൂടിയായ ഉസാമ അൽ അബ്സി ഉടൻ തന്നെ ഇതിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുകയും ഏജൻസി ഉടമയെ ചോദ്യം ചെയ്യാനായി വിളിക്കുകയും ചെയ്തു.വളരെ മോശം രീതിയിലുള്ള പരസ്യമാണതെന്ന് ഉസാമ പറഞ്ഞു. ഇതിൽ ദേശപരവും ലിംഗപരവും തൊഴിൽപരവുമായ ബഹുമാനക്കുറവ് പ്രകടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് പരസ്യം കൊടുത്തത്.തങ്ങൾ പരസ്യത്തിൽ മോശം വാക്കാണ് ഉപയോഗിച്ചതെന്ന കാര്യം ഏജൻസിയും സമ്മതിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതോടെ വേണ്ട മാറ്റങ്ങൾ വരുത്തിയതായും അവർ പറയുന്നു. വീട്ടുജോലിക്കാരെ ഉൽപ്പന്നങ്ങളെപ്പോലെ ‘വിൽക്കുന്ന’ രീതി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഉസാമ പറഞ്ഞു.അവരെ സമ്മാനമായി പ്രഖ്യാപിക്കുന്നതും അനുവദിക്കില്ല.ഏജൻസികളുടെ സാമൂഹിക മാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നത് തുടരും. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിയമപരവും ഭരണപരവുമായ നടപടി സ്വീകരിക്കും.മതിയായ നിയമനടപടികൾ പൂർത്തീകരിച്ച ശേഷമാണ് തങ്ങൾ വീട്ടുജോലിക്കാരെ നിയമിക്കുന്നത് എന്ന കാര്യം ഇവരെ ജോലിക്കുെവക്കുന്നവർ ശ്രദ്ധിക്കണം. മണിക്കൂറിെൻറ അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നവർക്കും ഇത് ബാധകമാണ്.രാജ്യത്ത് ലൈസൻസില്ലാതെ നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
അവർക്കെതിരെ ഉടൻ നടപടിയെടുക്കും. രാജ്യത്തെ എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ എൽ.എം.ആർ.എ പ്രതിജ്ഞാബദ്ധമാണ്. ഏതെങ്കിലും തരത്തിലുള്ള മനുഷ്യക്കടത്ത് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ സമാനരീതിയിൽ മാൻപവർ ഏജൻസി ഒാൺലൈൻ പരസ്യ കാമ്പയിൽ നടത്തിയത് വാർത്തയായിരുന്നു. കെനിയ,ഇത്യോപ്യ എന്നിവടങ്ങിൽ നിന്നുള്ള വീട്ടുജോലിക്കാർക്ക് ‘പ്രത്യേക ഒാഫറുകൾ’ ആണ് അന്ന് പ്രഖ്യാപിച്ചത്. നിയമിക്കുന്നവർ രണ്ടുവർഷം ഉടമയെ വിട്ടുപോകാതിരിക്കുമെന്ന ഉറപ്പും അവർ നൽകിയിരുന്നു.ഇതിനെതിരെ സാമൂഹിക പ്രവർത്തകർ വലിയ വിമർശനം ഉയർത്തിയിരുന്നു. lmra.bh എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെൻറ് ഏജൻസികളുടെ വിശദവിവരങ്ങൾ കൊടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.