'ലൈലത്തുൽ ഖദ്ർ' ഉറങ്ങാത്ത രാത്രി, മറക്കാത്ത ഓർമകൾ
text_fieldsറമദാൻ മാസത്തിലെ ഓരോ ദിന രാത്രങ്ങളും പുണ്യമുള്ളതാണെങ്കിലും അവസാനത്തെ പത്ത് രാത്രികളെ വിശ്വാസികൾ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ആരാധനകൾക്ക് ആയിരം മാസത്തേക്കാൾ പ്രതിഫലം പ്രതീക്ഷിക്കുന്ന 'ലൈലത്തുൽ ഖദ്ർ രാത്രി'യാണ് അതിൽ പ്രധാനം. ഈ രാത്രിയെ വിശ്വാസി സമൂഹം ആരാധന കൊണ്ട് സജീവമാക്കും.
നാട്ടിലെ റമദാൻ കാലങ്ങളിൽ ഈ 27ന്‍റെ രാത്രികൾ ആത്മീയാനന്ദത്തിന്റെ അനർഘ നിമിഷം സമ്മാനിച്ച ഓർമകളാണ്. ആ രാത്രി ഉറങ്ങാറില്ല. നമസ്കാരം, ഖുർആൻ പാരായണം, ദൈവ സ്മരണകൾ, മതപഠന ക്ലാസുകൾ, പ്രാർഥനകൾ... ഇവയെല്ലമായി പ്രഭാത നമസ്കാര ബാങ്ക് വിളിയുടെ സമയം വരെ മിക്കയാളുകളും പള്ളിയിൽ തന്നെ കഴിയും. ഫ്ലാസ്‌ക്കുകളിൽ ചൂടു ചായയും 27ന്‍റെ സ്പെഷൽ കലത്തപ്പവും പള്ളിയിൽ റെഡിയായിരിക്കും. കുട്ടികളായ ഞങ്ങൾ പുറം പള്ളിയിലെ അപ്പം സ്റ്റോക്ക് ചെയ്ത ഭാഗത്ത് ഇടക്കിടെ ചെന്ന് നോക്കും. കൂട്ടത്തിലെ എല്ലാവരുടെയും ഉമ്മമാർ ഉണ്ടാക്കിയ അപ്പങ്ങളും അന്ന് പള്ളിയിലെത്തിയിട്ടുണ്ടാവും. കൂടുതൽ മയമുള്ളത് ആദ്യമാദ്യം ചെലവാകും.
കുട്ടികൾക്ക് ചെറിയ സംഖ്യകളും മുതിർന്നവരിലെ പാവങ്ങൾക്ക് വലിയ സംഖ്യകളുമായി നാട്ടിലെ പണക്കാർ ധർമം ചെയ്യാൻ ഉത്സാഹിക്കുന്ന രാത്രി കൂടിയാണത്. കുട്ടികളായ ഞങ്ങൾക്ക് പെരുന്നാളാഘോഷിക്കാനുള്ള കരുതൽ പണം ഈ 27ന്റെ രാപ്പകലിലാണ് ലഭിക്കുക. ചെയ്തുപോയ പാപങ്ങളിൽ പശ്ചാത്തപിച്ച് സ്രഷ്ടാവിനോട് കണ്ണീരോടെ പ്രാർഥിക്കുന്ന വിശ്വാസികൾ, ദീർഘ നേരം സ്രാഷ്ടാംഗം ചെയ്ത് പടച്ചവനെ വണങ്ങുന്നവർ, ഖുർആനിൽ നിന്നും കണ്ണെടുക്കാതെ എന്ന് പറയാവുന്ന വിധത്തിൽ പാരായണം ചെയ്യുന്നവർ... ഇതൊക്കെയാണ് അന്നത്തെ പള്ളിയിലെ കാഴ്ചകൾ.
പടച്ചവന് വേണ്ടി പൂർണമായും സമർപ്പിക്കുന്ന ഈ രാത്രിയിൽ നിന്നാണ് വരും കാലത്തെ പാപമുക്തമായ ജീവിതത്തിന് വിശ്വാസികൾ ഊർജം സംഭരിക്കുക. ആരാധനയുടെ ആനന്ദം നുകരുന്ന ആ രാത്രി അവസാനിക്കരുതേ എന്നായിരിക്കും ഓരോരുത്തരും ഉള്ളിൽ ആശിക്കുക. എങ്കിലും പ്രഭാത നമസ്ക്കാരത്തിനുള്ള ബാങ്കൊലി നാദം മുഴങ്ങുന്നതോടെ വിശ്വാസികൾ ആ രാത്രിയെ ഹൃദയ ധന്യതയോടെ യാത്രയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.