നിയമം ലംഘിച്ച 1604 ലേബര്‍ ക്യാമ്പുകൾ കണ്ടെത്തി
text_fieldsമനാമ: നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന 1604 ലേബർ ക്യാമ്പുകൾ പരിശോധനയില്‍ കണ്ടെത്തിയതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. മുനിസിപ്പല്‍ ടീമിെൻറ നേതൃത്വത്തിലാണ് നാലു ഗവര്‍ണറേറ്റുകളിലും പരിശോധന നടത്തിയത്. 1049 ലേബര്‍ ക്യാമ്പുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
നാലു മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ച് പ്രത്യേക ടീം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ രൂപവത്കരിച്ചിരുന്നു. ഇൗ സംഘങ്ങളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും സുരക്ഷ സംവിധാനങ്ങളും വിലയിരുത്തിയത്. മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നീക്കമുണ്ട്. സിവില്‍ ഡിഫന്‍സ് വിഭാഗം, വൈദ്യുതി, ജലകാര്യ അതോറിറ്റി എന്നിവ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കേണ്ടത്.
ഓരോ മുനിസിപ്പാലിറ്റിയുടെയും കീഴിലുള്ള ടീമുകള്‍ പരിശോധന റിപ്പോര്‍ട്ട് ഉന്നത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 65 ശതമാനത്തോളം ലേബര്‍ ക്യാമ്പുകളും ടീം പരിശോധിച്ചിട്ടുണ്ട്. 200 തൊഴിലുടമകള്‍ സ്ഥിതി മെച്ചപ്പെടുത്തുമെന്ന് സമ്മതിച്ചതായി മുനിസിപ്പല്‍കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല് ഖലീഫ വ്യക്തമാക്കി. നോട്ടീസ് ലഭിച്ച് 30 ദിവസമാണ് നിയമലംഘനങ്ങള്‍ ശരിയാക്കുന്നതിന് സമയം നല്‍കിയിട്ടുള്ളത്.
കെട്ടിട ഉടമകള്‍ തങ്ങളുടെ കെട്ടിടങ്ങള്‍ ലേബർ ക്യാമ്പിനായി വിട്ടുനല്‍കുകയാണെങ്കിൽ അക്കാര്യം 30 ദിവസത്തിനുള്ളില്‍ അധികൃതരെ അറിയിക്കണമെന്ന പുതിയ നിയമം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് 40 അടി സ്ഥലമെങ്കിലും ഉണ്ടായിരിക്കണമെന്നും 10 അടി ഉയരം റൂമിന് ഉണ്ടായിരിക്കണമെന്നും ഒരു റൂമില്‍ എട്ടു പേരില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ലെന്നുമാണ് നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.