എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു
text_fieldsമനാമ: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫ് പ്രകടന പത്രിക 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം'വാട്സ് ആപ് കൂട്ടായ്മയിൽ പ്രകാശനം ചെയ്തു. ബഹ്റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം സലീം ദാസ് പ്രകടന പത്രികയെക്കുറിച്ചുള്ള റിപ്പോർട്ട് കൂട്ടായ്മയിൽ അവതരിപ്പിച്ചു. വിഭവ സമാഹരണത്തിലും വികസനത്തിലും സാധ്യതകൾക്കനുസരിച്ച് മുന്നേറാൻ കഴിയാതിരുന്ന ഒരു സംസ്ഥാനത്തിെൻറ വികസന മുരടിപ്പിനെ തൂത്തെറിഞ്ഞ് അതിജീവിക്കാനുള്ള ബൃഹദ് പദ്ധതിയാണ് പ്രകടന പത്രികയെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയാസൂത്രണത്തിെൻറ രജത ജൂബിലി വർഷത്തിലാണ് ഈ തെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനകീയാസൂത്രണത്തിെൻറ അനുഭവങ്ങൾക്കും ഓർമകൾക്കും നല്ല പ്രാധാന്യമുണ്ട്. 1996ലെ നായനാർ സർക്കാർ നടപ്പിലാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കു താരതമ്യമില്ലാത്തതരത്തിൽ അധികാരവും പണവും ഉദ്യോഗസ്ഥരെയും പ്രദാനം ചെയ്തത്.
2015-16 യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ 7979 കോടി രൂപയായിരുന്നു തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്രത്യക്ഷ ധനസഹായം. എന്നാൽ, എൽ.ഡി.എഫ് സർക്കാർ ഇതുവരെ 12074 കോടി രൂപ നൽകിക്കഴിഞ്ഞു. ഇതിൽ നിന്നും രണ്ടു മുന്നണികൾക്ക് പ്രാദേശിക ഭരണ സംവിധാനത്തോടും അധികാര വികേന്ദ്രീകരണത്തോടുമുള്ള കാഴ്ചപ്പാട് വ്യക്തമാണെന്ന് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സലിം ദാസ് പറഞ്ഞു. ബി.ജെ.പി, കോൺഗ്രസ് ഭരിക്കുന്ന സ്ഥലങ്ങളിൽ ഇങ്ങനെ ഒരു അധികാര വികേന്ദ്രീകരണം സ്വപ്നം കാണാൻ പോലും കഴിഞ്ഞിട്ടില്ല.
ഈ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് പ്രകടന പത്രികയുടെ പ്രസക്തി വർധിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വഴി, വരുന്ന അഞ്ചു വർഷത്തിനുള്ളിൽ പത്തുലക്ഷം പേർക്ക് തൊഴിൽ അല്ലെങ്കിൽ സ്ഥിര വരുമാന മാർഗം എന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാന ഇനം. ചെറുകിട വ്യവസായ സേവന മേഖലകളിലും കാർഷിക മേഖലയിലും വരുമാനവും തൊഴിലും വർധിപ്പിക്കുന്ന ഹബ്ബുകളായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ മാറാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്കുവേണ്ടി വലിയ കരുതലാണ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. പ്രവാസികളെ പ്രാദേശിക വികസന പരിപാടികളിൽ പങ്കാളികളാക്കുമെന്നും നാട്ടിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.