വഴികൾ അടഞ്ഞുപോയിട്ടില്ല; ജീവിതം ഒടുക്കരുത്
text_fieldsമനാമ: ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും എത്ര വലിയ പ്രശ്നങ്ങളായാലും ഇന്നത്തെ ലോകം അതിജീവനത്തിനുള്ള മാർഗം തുറന്നിട്ടിരിക്കുന്നുവെന്നും പ്രവാസി മലയാളികളോട് പ്രഖ്യാപിക്കുകയാണ് ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവർത്തകരും മാനസിക ശാസ്ത്രഞ്ജരും കലാകാരൻമാരും എഴുത്തുകാരുമെല്ലാം. ബഹ്റൈനിൽ മലയാളി സമൂഹത്തിൽ ആത്മഹത്യ പ്രവണത വർധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കാര്യക്ഷമമായ ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ ഒരുങ്ങുകയാണ് പ്രവാസി സമൂഹ നേതൃത്വം. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ അഞ്ചുമലയാളികളാണ് ബഹ്റൈനിൽ ജീവനൊടുക്കിയത്. ഇനിയും മലയാളികളുടെ ആത്മഹത്യ വാർത്ത കേട്ട് നിസംഗരായി നിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് മലയാളികളോട് സ്വന്തം ജീവൻ എന്തിെൻറ പേരിലായാലും ഉപേക്ഷിക്കരുതെന്ന അപേക്ഷയുമായി സംഘടനകൾ രംഗത്തിറങ്ങുന്നത്.
മലയാളികളിൽ പലരുടെയും ആത്മഹത്യകൾക്ക് സാമ്പത്തിക അച്ചടക്കമില്ലായ്മ മുതൽ പണം പലിശക്ക് വാങ്ങുന്നത് വരെയുള്ള പ്രശ്നങ്ങൾ കാരണമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിവിധ ആവശ്യങ്ങൾക്കായി കടം വാങ്ങുകയോ പലിശക്ക് പണമെടുക്കുന്നതോ ആയ പ്രവാസികളുടെ എണ്ണം കൂടി വരികയാണ്. ബഹ്റൈനിൽ പണം പലിശക്ക് നൽകുന്ന മലയാളികൾ ഇന്ന് നിരവധിയുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവരുടെ വലയിൽപ്പെടുന്നവർ പലിശ കൊടുത്ത് മുടിയുകയും ഒടുവിൽ ജീവിതം വഴിമുട്ടുന്ന സാഹചര്യത്തിൽ എത്തിച്ചേരുകയും ചെയ്യുകയുമാണ്. പണം പലിശക്ക് നൽകുന്നവർ, ഏത് വിധേനയും പലിശയും മുതലും വാങ്ങാൻ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. ചെക്കിൽ ഒപ്പിട്ട് വാങ്ങുകയോ പാസ്പോർട്ട് പണയം വാങ്ങുകയോ ചെയ്യുന്നതെല്ലാം പലിശക്കാരുടെ പതിവ് രീതികളാണെന്ന് പരാതിയുണ്ട്.
രണ്ടോ മൂന്നോ മാസം കുടിശിക വന്നാൽ പലിശസംഘത്തിെൻറ തനിസ്വഭാവം ഇരകൾ മനസിലാക്കും. 13 വർഷം മുമ്പ് പലിശക്ക് വാങ്ങിയ പണം തിരിച്ചടച്ചിട്ടും ഇനിയും നൽകാനുണ്ടെന്ന് പറഞ്ഞ് പലിശക്കാരനാൽ ശല്ല്യം ചെയ്യപ്പെടുന്ന ഒരു സാമൂഹിക പ്രവർത്തകൻ അടുത്തിടെ താൻ അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ച് ബഹ്റൈനിലെ സഹപ്രവർത്തരെ വിവരം അറിയിച്ചിരുന്നു. പൊതുനിരത്തിൽ കണ്ടാൽപ്പോലും അസഭ്യവർഷവുമായി പ്രസ്തുത വ്യക്തി തന്നെ അപമാനിക്കുകയാണെന്നാണ് സാമൂഹിക പ്രവർത്തകെൻറ പരാതി. സാമൂഹിക പ്രവർത്തകൻപോലും പലിശക്കാരുടെ കെണിയിൽപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടപ്പെടുേമ്പാൾ, അത്യാവശ്യ കാര്യങ്ങൾക്കായി പണം വാങ്ങുന്ന സാധാരണക്കാരുടെ അവസ്ഥയെ കുറിച്ച് വ്യക്തമാണ്. പലിശക്കാരിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ ആത്മഹത്യ ചെയ്തവരും നിരവധിയുണ്ട്.
ഒറ്റപ്പെടൽ ഒഴിവാക്കുക; എല്ലാവരെയും സമൂഹത്തിന് ആവശ്യമുണ്ട് -മായാകിരൺ
ഇതിെൻറ വേദനയും ഒറ്റപ്പെടലും അനുഭവിക്കുന്നവർക്ക് മറ്റുതലത്തിലുള്ള പ്രശ്നങ്ങൾ കൂടി ഉണ്ടാകുേമ്പാൾ ‘തങ്ങളെ സമൂഹത്തിന് ആവശ്യമില്ല’ എന്ന തോന്നൽ ഉണ്ടാക്കുകയും അതിൽ ചിലർ ആത്മഹത്യയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ബഹ്റൈനിലെ ചില മലയാളികളുടെ ആത്മഹത്യകേസുകൾ പരിശോധിക്കുേമ്പാൾ ഒറ്റപ്പെടൽ പ്രശ്നം വ്യക്തമാകുന്നുണ്ടെന്നും മായ പറഞ്ഞു. അതിനാൽ വീടുകളിലും ഒാഫീസുകളിലും ഇത്തരത്തിൽ മാനസിക പ്രയാസം അനുഭവിക്കുന്ന വ്യക്തികൾ ഉണ്ടെങ്കിൽ അവരെ ആശ്വാസിപ്പിക്കാനും പ്രശ്നങ്ങൾ ചോദിച്ചറിയാനും ശ്രമങ്ങൾ വേണം.
നമ്മുടെ സഹജീവികളുടെ മുഖത്തേക്കും മനസിലേക്കും നമ്മുെട ശ്രദ്ധ വേണമെന്ന് അർഥം. നമ്മുടെ ചിരിയോ വർത്തമാനമോ കുശലാന്വേഷണമോ സൗഹൃദമോ ആത്മാർഥമായ പിന്തുണയോ ഒരാളുടെ ജീവിതത്തിന് ആത്മവിശ്വാസം നൽകുമെങ്കിൽ എന്തിന് നമ്മൾ അത് നൽകാതിരിക്കണമെന്നും മായ ചോദിക്കുന്നു.
കുഴങ്ങി നിൽക്കുന്നവർക്ക് തുണ നൽകാം –ആനന്ദ്കൃഷ്ണ
ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ നിരവധി വ്യക്തികൾക്ക് മനോസംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്ന് എം.എം ടീം കോർഡിനേറ്റർ ആനന്ദ്കൃഷ്ണ പറഞ്ഞു. തൊഴിൽ നഷ്ടപ്പെടുകയോ, കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുകയോ ചെയ്യുന്ന ചിലർ തങ്ങളുടെ വഴികൾ എന്നന്നേക്കുമായി അടഞ്ഞുപോയതായി കരുതുകയും അതിെൻറ ഫലമായി ആത്മഹത്യയിലേക്ക് തിരിയാൻ ശ്രമിക്കാറുമുണ്ട്.
ഇൗ സന്ദർഭത്തിനിടയിലും അവസാന ശ്രമങ്ങൾ രക്ഷപ്പെടാനായി നടത്താറുണ്ട്. മറ്റൊരു തൊഴിലിനോ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനോ ഉള്ള വഴികൾ തേടിയായിരിക്കും അത്തരം ശ്രമങ്ങൾ. എന്നാൽ ദുരഭിമാനവും മാനസിക സംഘർഷങ്ങളും കാരണം എന്താണ് തങ്ങളുടെ പ്രശ്നങ്ങളെന്ന് മറ്റ് വ്യക്തികളെ അറിയിക്കുന്നതിൽ ഇവർ പരാജയപ്പെടുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്ന ചിലരുടെ അവസ്ഥ അറിയുകയും പരഹരിക്കാൻ ശ്രമിക്കുകയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയും ചെയ്ത് വിജയം ഉണ്ടായ അനുഭവങ്ങളുണ്ട്. ബഹ്റൈൻ മലയാളികളുടെ അതിജീവനത്തിന് എല്ലാവിധ സഹായവും കാരുണ്യവും നൽകുന്ന രാജ്യമാണ്. സമാധാനവും സുരക്ഷയും ഇവിടെ ഏറ്റവും വലിയ പ്രത്യേകതകളുമാണ്. തൊഴിൽ ചെയ്യാനും സാധാരണക്കാർക്ക് പോലും കഴിഞ്ഞുകൂടാനുള്ള ജീവിത സാഹചര്യങ്ങളും ഇവിടെ ലഭിക്കുകയും ചെയ്യുന്നു. ഇത്തരം ഘടകങ്ങളെ ഉപയോഗപ്പെടുത്തി നല്ല രീതിയിൽ ജീവിച്ചുപോകുന്ന പതിനായിരക്കണക്കിന് മലയാളികളുണ്ട്. ഇതിനിടയിൽ അക്ഷരത്തെറ്റുപോലെ സംഭവിക്കുന്ന താളംതെറ്റിയ ജീവിതങ്ങളുമുണ്ട്. അത്തരം മനുഷ്യരെ കണ്ടെത്തി മുഖ്യധാരക്കൊപ്പം ചേർത്ത് നിർത്തി അവരുടെയും ജീവിതചക്രം പൂർത്തിയാക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
അമിതപ്രതീക്ഷകൾ വച്ചുപുലർത്തരുത്; എന്തിനോടും പൊരുത്തപ്പെടണം -പ്രദീപ് പത്തേരി
താൻ സ്വപ്നം കണ്ടതുപോലെയോ ആഗ്രഹിക്കുന്ന പോലയോ കാര്യങ്ങൾ നടക്കണമെന്ന് വിചാരിക്കുന്നവർ പെെട്ടന്ന് നിരാശരാകാൻ സാധ്യത ഉള്ളതായി കേരള പ്രവാസി ഗൈഡൻസ് ഫോറം ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി പറയുന്നു. ആത്മഹത്യകളിലേക്ക് തിരിയുന്നവരിലും ഇത്തരം സ്വഭാവമുള്ളവർ കൂടുതലാണ്. എന്ത് സംഭവിച്ചാലും അതിനെ അതിജീവിക്കാനും അതിനോട് പൊരുത്തപ്പെടാനും മനസിനെ സജ്ജീകരിക്കണം. അതിനൊപ്പം സ്വന്തം പ്രശ്നങ്ങളാണ് ഏറ്റവും വലുത് എന്ന ചിന്തയും മാറ്റണം. മറ്റുള്ളവർക്കും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് മനസിലാക്കി ജീവിക്കാൻ ശ്രമിച്ചാൽ മനസിന് കൂടുതൽ ആശ്വാസമേകും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും മനോസംഘർഷങ്ങളെ ഒഴിവാക്കാനുള്ള മാർഗമാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ പെങ്കടുക്കാൻ ശ്രമിക്കുക. പരസ്പരം കൈകൾ കോർത്തുപിടിക്കുക. ഏത് വിഷമ ചിന്തകളെയും മറികടക്കാം.
കൗൺസിലിംങ് ആവശ്യമുള്ളവർ വിളിക്കൂ
മനാമ: മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ സേവനം എന്ന നിലയിൽ കൗൺസിലിങ് നൽകുന്ന ബഹ്റൈനിലെ മലയാളി സംഘടനയാണ് കേരള പ്രവാസി ഗൈഡൻസ് ഫോറം.
മനോസംഘർഷങ്ങളിൽ കുരുങ്ങി ജീവിതം വഴിമുട്ടുന്നവർക്കായി കേരള പ്രവാസി കമ്മീഷൻ സഹകരണത്തോടെ കേരള പ്രവാസി ഗൈഡൻസ് ഫോറം പ്രത്യേക കൗൺസിലിങ് സംഘം രൂപവത്കരിച്ചിട്ടുണ്ടെന്നും ആർക്കും ഏത് സമയത്തും ഫോണിൽ ബന്ധപ്പെട്ട് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയുമെന്നുമെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 39283875.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.