ലിങ്സിന്റെ പ്രിയപ്പെട്ട മുഹമ്മദ്
text_fieldsപ്രവാചക ചരിത്രം ആസ്പദമാക്കിയുള്ള ഒരു നോവൽ രചനക്കുള്ള പഠനാവശ്യർഥമാണ് മാർട്ടിൻ ലിങ്സിന്റെ മുഹമ്മദ് എന്ന പുസ്തകത്തിലേക്ക് എത്തിപ്പെട്ടത്. കൈയിൽ കിട്ടിയത് അദർ ബുക്സ് പ്രസിദ്ധീകരിച്ച, പ്രശസ്ത കവിയും, എഴുത്തുകാരനുമായ കെ.ടി. സൂപ്പി മൊഴിമാറ്റം ചെയ്ത പുസ്തകമണ്. വിവർത്തന സാഹിത്യത്തിൽ ഉത്തുംഗമായ ഒന്നായിത്തന്നെ പരിഗണിക്കാൻ പറ്റുന്ന രചനാ വൈഭവമാണ് ഈ പുസ്തകത്തെ മനോഹരമാക്കുന്നത്. ഭാഷയുടെ സകല അതിർവരമ്പുകളും ഭേദിച്ച് മനസ്സിൽനിന്ന് മനസ്സിലേക്കുള്ള ഒരുതരം ഒഴുക്ക് ഇതിൽ സാധ്യമാവുന്നുണ്ട്. അത് പരിഭാഷകൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന കവിത്വത്തിന്റെ ദൈവികസ്പർശം കൂടിയായതുകൊണ്ടുമാണെന്ന് ഞാൻ കരുതുന്നു.
ഭാഷയുടെ ഒഴുക്ക്, ലാളിത്യം, ചെറു അധ്യായങ്ങൾ, വലിച്ചുനീട്ടലില്ലാത്ത അവതരണ ശൈലി ഇതൊക്കെയാണ് മാർട്ടിൻ ലിങ്സിന്റെ ‘മുഹമ്മദ്’ മറ്റു ചരിത്ര ഗ്രന്ഥങ്ങളിൽനിന്ന് വ്യത്യസ്തമാവുന്നത്. ചരിത്രരചനയിൽ ഏച്ചുകെട്ടലുകളുടെ മഹാപ്രളയം തീർക്കുന്ന ഈ കാലഘട്ടത്തിൽ ഈ പുസ്തകം നേരിന്റെ ഒരു കണ്ണാടിപോലെ നമുക്ക് മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്നു. ഏതൊരു മനുഷ്യനും ഒരു തവണയെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
അമാനുഷികതയുടെ അതിപ്രസരത്തിൽ നിന്നു പ്രവാചകനെ സത്യസന്ധമായി അഴിച്ചുകെട്ടിയ ഒരു ആല തന്നെയാണ് ഈ പുസ്തകം. പ്രവാചക ചരിത്രം 30ഉം 40ഉം വാല്യങ്ങളുള്ള മഹാഗ്രന്ഥമായി പുറത്തിറങ്ങുമ്പോൾ സാധാരണക്കാർക്ക് തികച്ചും ലളിതമായ രീതിയിൽ ചരിത്ര പാഠങ്ങളുടെ ഗൗരവം ഒട്ടും ചോർന്നു പോവാതെ പ്രധാന മുഹൂർത്തങ്ങളെ വിട്ടുകളയാതെ സകലതും ഉൾക്കൊള്ളിച്ച് ഒരു മുന്നൂറോ, നാനൂറോ പേജിൽ ഉൾക്കൊള്ളും വിധമാണ് മാർട്ടിൻ ഈ പുസ്തക രചന നടത്തിയിട്ടുള്ളത്. ഇത് ഇന്നും പ്രവാചകന്റെ ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗ്രന്ഥമായിത്തന്നെ കണക്കാക്കിപ്പോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.