മലയാളി വിദ്യാർഥിയുടെ ചടുല പ്രതികരണം: കത്തിയ കാറിൽനിന്ന് രക്ഷപ്പെട്ടത് അഞ്ച് കുരുന്നുകൾ
text_fieldsമനാമ: മലയാളി യുവാവിന്റെ അവസരോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടത് അഞ്ചു കുരുന്നു ജീവനുകൾ. സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിനു സമീപം കഴിഞ്ഞദിവസമാണ് ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്നു തീപിടിച്ചത്. എ.സിയുടെ ഭാഗത്ത് തീ കണ്ടയുടൻ കാർ ഓടിച്ചിരുന്ന യുവാവ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറക്കുകയായിരുന്നു. വണ്ടി ഓഫ് ചെയ്ത് പുറത്തിറങ്ങിയയുടൻ കാർ കത്തി നശിച്ചു.
സ്റ്റേഡിയത്തിൽ ഫുട്ബാൾ പരിശീലനം കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്നു കാറിൽ സഞ്ചരിച്ചവർ. തലശേരി സ്വദേശിയും വിദ്യാർഥിയുമായ അദ്നാൻ നിസ്സാറാണ് അസാധാരണ മനസ്സാന്നിധ്യത്തിലൂടെ കാറിലുണ്ടായിരുന്ന കുട്ടികളുടെ രക്ഷകനായത്. അദ്നാന്റെ സഹോദരിയുടെ രണ്ട് മക്കളും കുടുംബസുഹൃത്തുക്കളുടെ മൂന്ന് മക്കളുമാണ് കാറിലുണ്ടായിരുന്നത്. കാർ കത്തുന്നത് കണ്ടയുടനെ പുറത്തിറങ്ങാൻ തോന്നിയതാണ് രക്ഷയായത്.
വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് കാർ കത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാർ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. കാർ സ്റ്റാർട്ട് ചെയ്തയുടൻ കരിഞ്ഞ ഗന്ധം അനുഭവപ്പെട്ടെന്ന് അദ്നാൻ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്കകം എ.സി വെന്റിൽനിന്ന് പുക പുറത്തേക്കു വരാൻ തുടങ്ങി. പുറത്തെ മെറ്റാലിക് ഗേറ്റിൽ തീജ്വാല പോലെ കണ്ടയുടൻ അഞ്ച് കുട്ടികളുമായി പുറത്തിറങ്ങുകയായിരുന്നു. കാർ ഓഫാക്കി ഫയർ ഫോഴ്സ് അധികൃതരെ വിളിച്ചു. നിമിഷങ്ങൾക്കുള്ളിൽ കാർ കത്താൻ തുടങ്ങി.
നാട്ടുകാർ ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചു. ഫയർ ഫോഴ്സ് അധികൃതർ സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. കെ.എം.സി.സി സെക്രട്ടറി നിസാറിന്റെ മകനാണ് അദ്നാൻ. ഇന്ത്യൻ സ്കൂളിൽനിന്ന് പ്ലസ്.ടു കഴിഞ്ഞ അദ്നാൻ ബിരുദ കോഴ്സിനു ചേരാനിരിക്കുകയാണ്.
ചൂടു കൂടുന്നു; വാഹനങ്ങൾ തീപിടിക്കാതെ ശ്രദ്ധിക്കാം
കൃത്യമായ വേളയിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം
താപനില ഉയരുന്നതിനനുസരിച്ച്, വാഹനങ്ങളിൽ സാങ്കേതിക തകരാറുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് പലപ്പോഴും തീപിടിത്തത്തിലേക്കെത്തിക്കും. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഇന്ധനം, പെർഫ്യൂം, ലൈറ്ററുകൾ, വാതകങ്ങൾ, അപകടകരവും തീപിടിക്കുന്നതുമായ വസ്തുക്കൾ തുടങ്ങിയവ വാഹനങ്ങൾക്കുള്ളിൽ വെക്കുന്നത് നിർബന്ധമായും ഒഴിവാക്കണം.
കൃത്യമായ വേളയിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ വർധിച്ച ഘർഷണവും എൻജിൻ അമിതമായി ചൂടാകുന്നതും കാരണം ബ്രേക്ക് സിസ്റ്റം തകരാറിലാകാൻ ഇടവരും.
റേഡിയേറ്ററിലെ വെള്ളത്തിന്റെ അളവ്, എൻജിൻ ഓയിൽ പരിശോധന, ടയറുകളുടെ സ്ഥിതി, ബ്രേക്ക് സിസ്റ്റം, വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിങ് ഫാനുകളുടെയും പ്രവർത്തനക്ഷമത എന്നിവ പരിശോധിക്കണം. മുന്നറിയിപ്പു സിഗ്നൽ ലൈറ്റുകൾ, സ്പെയർ ടയർ, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെ പതിവ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങൾ ശരിയായി പരിപാലിക്കണം. പെർഫ്യൂമുകൾ, എയർ ഫ്രഷനറുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, ലൈറ്ററുകൾ, ഡ്രൈ ബാറ്ററികൾ തുടങ്ങിയ കത്തുന്ന വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ ചൂട് കൂടികൊണ്ടിരിക്കുകയാണെങ്കിൽ റോഡിന്റെ വശത്തേക്കു മാറ്റി നിർത്തണം. സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത പ്രദേശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതായിരിക്കും ഉചിതം. ഡോറുകൾ തുറന്ന് വാഹനത്തിന് അമിതമായ മർദ്ദം അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.
ഓടിക്കൊണ്ടിരിക്കുന്ന കാറിനാണ് തീപിടിക്കുന്നതെങ്കിൽ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പു സിഗ്നൽ നൽകണം. കത്തുന്ന വസ്തുക്കളോ മറ്റു വാഹനങ്ങളോ അടുത്തില്ലെന്ന് ഉറപ്പാക്കി സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് കാർ ഓടിക്കണം. ഇതിനു ശേഷം എൻജിനും ഹെഡ്ലൈറ്റുകളും ഓഫ് ചെയ്യുകയും എല്ലാ യാത്രക്കാരെയും പുറത്തിറക്കുകയും വേണം.
കത്തുന്ന വാഹനത്തിന്റെ അടുത്ത് നിൽക്കരുത്. തീപിടിത്തം എമർജൻസി സർവിസുകളെ അറിയിക്കുകയും കത്തുന്ന കാറിൽ നിന്നുമാറി നിൽക്കാൻ മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയും ചെയ്യുക.
ചെറിയ തീപിടിത്തമാണെങ്കിൽ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ അണക്കാൻ ശ്രമിക്കാം. എന്നാൽ, അഗ്നിശമന ഉപകരണം ഉപയോഗിക്കാൻ അറിയില്ലെങ്കിൽ സ്വയം തീ അണക്കാനുള്ള ശ്രമത്തിൽനിന്ന് വിട്ടുനിൽക്കേണ്ടതാണ്. തീ അണച്ചതിനുശേഷം ഇലക്ട്രീഷ്യനോ മെക്കാനിക്കോ പരിശോധിച്ചതിനു ശേഷമല്ലാതെ സ്റ്റാർട്ട് ചെയ്യാനോ വാഹനമോടിക്കാനോ ശ്രമിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.