ജീവിത നിലവാര സൂചിക; ബഹ്റൈന് ആഗോളതലത്തിൽ 36ാം സ്ഥാനം
text_fieldsമനാമ: മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈന് ആഗോളതലത്തിൽ 36ാം സ്ഥാനം. അമേരിക്കൻ മാഗസിനായ സി.ഇ.ഒ വേൾഡ് പുറത്തിറക്കിയ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലാണ് ബഹ്റൈന് അഭിമാനകരമായ നേട്ടം. അറബ് രാജ്യങ്ങളിൽ ബഹ്റൈൻ രണ്ടാം സ്ഥാനത്താണ്.
മികച്ച തൊഴിൽ അന്തരീക്ഷം, വരുമാന സമത്വം, സാംസ്കാരിക സ്വാധീനം, മെച്ചപ്പെട്ട പൊതുജനാരോഗ്യം, വിദ്യാഭ്യാസ ഗുണനിലവാരം, സ്ഥിരതയും സുരക്ഷയും എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. ലോകമെമ്പാടുമുള്ള 196 രാജ്യങ്ങളെ വിലയിരുത്തി, കാൽ ദശലക്ഷത്തിലധികം വ്യക്തികളുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.
സ്വിറ്റ്സർലൻഡാണ് പട്ടികയിൽ ഒന്നാമത്. നോർവേയും ഐസ്ലൻഡും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. ഹോങ്കോങ് നാലാം സ്ഥാനത്തുണ്ട്. ഡെൻമാർക്കും ജർമനിയും ആറ്, ഏഴ് സ്ഥാനങ്ങളിലാണ്. യഥാക്രമം എട്ട്, ഒമ്പത്, 10 സ്ഥാനങ്ങളിൽ അയർലൻഡ്, സിംഗപ്പൂർ, ആസ്ട്രേലിയ എന്നിവയുമുണ്ട്.
2024ലെ ആഗോള, അറബ് ജീവിത നിലവാര സൂചികയിൽ ജി.സി.സി രാജ്യങ്ങൾ മുന്നേറ്റം നടത്തി. അറബ് മേഖലയിൽ ഒന്നാം സ്ഥാനത്ത് യു.എ.ഇ ആണ്. ബഹ്റൈൻ രണ്ടാമതും സൗദി മൂന്നാം സ്ഥാനത്തുമാണ്. ഖത്തർ അറബ് രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ്. ആഗോളതലത്തിൽ 44ാം സ്ഥാനത്തുമാണ്. അറബ് മേഖലയിൽ കുവൈത്ത് അഞ്ചാം സ്ഥാനത്തും ഒമാൻ ആറാം സ്ഥാനത്തുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.