എൽ.എം.ആർ.എ കണ്ടെത്തിയത് 526 നിയമലംഘനങ്ങൾ
text_fieldsമനാമ: അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഒക്ടോബർ ഏഴ് മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ 4767 പരിശോധനകൾ നടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് 57 സംയുക്ത പരിശോധനകളും നടത്തി.
ഇക്കാലയളവിൽ കണ്ടെത്തിയ 526 ക്രിമിനൽ നിയമലംഘനങ്ങളും നിർബന്ധിത ജോലി ചെയ്യിച്ച 62 കേസുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഏകദേശം 2,05,000 ദിനാർ മൊത്തം പിഴ ചുമത്തുകയും 505 തൊഴിലാളികളെ നാടു കടത്തുകയും ചെയ്തു.
നിയമങ്ങൾ കൃത്യമായി പാലിക്കാൻ തൊഴിലുടമകളോടും തൊഴിലാളികളോടും എൽ.എം.ആർ.എ ആഹ്വാനം ചെയ്തു. വർക്ക് പെർമിറ്റില്ലാതെ തൊഴിൽ ചെയ്ത കേസുകളാണ് പിടികൂടിയവയിൽ അധികവുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി. വർക്ക് പെർമിറ്റ് എടുക്കാതെയും മതിയായ ഫീസ് അടക്കാതെയും തൊഴിലാളിയെ ജോലിക്ക് നിയോഗിക്കുന്നത് കുറ്റകരമാണ്.
വർക്ക് പെർമിറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലത്തോ അല്ലെങ്കിൽ അതേ തൊഴിലുടമയുടെ സമാന പ്രവർത്തനം നടക്കുന്ന മറ്റൊരു ശാഖയിലോ ആയിരിക്കണം തൊഴിലാളി ജോലി ചെയ്യേണ്ടത്. മറ്റിടങ്ങളിൽ ജോലി ചെയ്യുന്നത് കുറ്റകരമാണ്. അനധികൃതമായി തൊഴിൽ രീതികൾ കണ്ടാൽ 17506055 എന്ന കാൾ സെന്ററിൽ അറിയിക്കാവുന്നതാണെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.