എൽ.എം.ആർ.എ പിടികൂടിയാൽ നാട്ടിൽ പോകാൻ കഴിയുമോ?
text_fields? ഞാൻ അഞ്ചു വർഷമായി ബഹ്റൈനിൽ കോൾഡ് സ്റ്റോർ നടത്തുകയായിരുന്നു. കോവിഡിനുശേഷം നാട്ടിൽ പോയി. നാട്ടിൽ പോകുമ്പോൾ കട നടത്താൻ ഒരാളെ ഏൽപിച്ചു. തിരിച്ചുവന്നപ്പോൾ കട സി.ആർ പുതുക്കാതെ പൂട്ടിപ്പോവുകയും എന്റെ വിസ കാൻസലാവുകയും ചെയ്തു. എട്ടു മാസത്തോളമായി വിസയില്ലാതെയാണ് നടക്കുന്നത്.
സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ പോകാനായില്ല. ചില സ്ഥലത്തൊക്കെ ജോലിക്ക് നിന്നു. അവസാനം നിന്ന സ്ഥലത്ത് വിസ റെഡിയായി വരുകയായിരുന്നു. പക്ഷേ, ഒരു ദിവസം എൽ.എം.ആർ.എ പരിശോധന നടത്തുകയും കടക്ക് 1000 ദീനാർ ഫൈൻ വരുകയും ചെയ്തു. ഇപ്പോൾ എന്റെ വിസ പുതുക്കാൻ കഴിയുന്നില്ല. ഞാൻ നാട്ടിൽ പോകാനാണ് ഉദ്ദേശിക്കുന്നത്. എനിക്ക് പിഴ അടക്കേണ്ടിവരുമോ, എയർപോർട്ടിൽ വല്ല പ്രശ്നങ്ങളും ഉണ്ടാവുമോ, പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയുമോ? ‘ഗൾഫ് മാധ്യമത്തിലൂടെ’ മറുപടി നൽകണമെന്ന് അഭ്യർഥിക്കുന്നു.- സുബൈർ കാലിക്കറ്റ്
• താങ്കൾ വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുന്നതുകൊണ്ട് പിഴയടക്കേണ്ടിവരും. തൊഴിൽവിസ ആയതുകൊണ്ട് പിഴ വലിയ തുകയല്ല. വിസിറ്റ് വിസ ആണെങ്കിൽ പിഴ കൂടുതലാണ്. തൊഴിൽവിസ കാലാവധി കഴിഞ്ഞ് ഇവിടെ എത്രനാൾ തുടർന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പിഴ കണക്കാക്കുന്നത്. എൽ.എം.ആർ.എ താങ്കളെ വിസയില്ലാതെ ജോലി ചെയ്തതിന് പിടിച്ചതുകൊണ്ട് താങ്കളുടെ പേരിൽ കോടതിയിൽ കേസുണ്ട്. സാധാരണ എൽ.എം.ആർ.എ കേസ് കോടതിയുടെ പരിഗണനക്ക് വരാൻ സമയമെടുക്കും. താങ്കളുടെ സി.പി.ആർ നമ്പർ ഉപയോഗിച്ച് കേസ് ഉണ്ടോ എന്ന് നോക്കണം. അല്ലെങ്കിൽ ഡിേപ്ലാമാറ്റിക് ഏരിയയിലുള്ള കോടതിയിൽ തിരക്കണം. കേസ് കോടതിയിൽ വരുന്നത് വരെ സാധാരണ രീതിയിൽ പിഴ നൽകി വിസ നീട്ടി തിരികെ പോകാൻ സാധിക്കും.
കേസ് കോടതിയിൽ വന്ന് അതിന്റെ വിധി വന്നാൽ പിന്നെ പോകാൻ കഴിയില്ല. പിന്നെ കോടതിവിധി അനുസരിച്ച് മാത്രമേ താങ്കൾക്ക് തിരികെ പോകാൻ സാധിക്കുകയുള്ളൂ. അങ്ങനെ പോകുന്നവർക്ക് കുറഞ്ഞത് മൂന്നു വർഷത്തേക്ക് തിരികെ വരാൻ സാധിക്കുകയില്ല. കേസ് ഉണ്ടെങ്കിൽ ഒരു ബഹ്റൈൻ അഭിഭാഷകനെ നിയമിക്കണം. അതുപോലെ കേസിന്റെ വിധി വരുന്നതിനു മുമ്പ് പുതിയ വിസയിലേക്ക് മാറണം. അപ്പോൾ ഫൈൻ മാത്രം കൊടുത്താൽ മതി. കുറെക്കൂടി കൃത്യമായ വിവരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കൃത്യമായ മറുപടി തരാൻ സാധിക്കൂ.
?വാർഷിക അവധി കൂടാതെ വേറെ ഏതെങ്കിലും അവധി ലഭിക്കാൻ ഒരു തൊഴിലാളിക്ക് അർഹതയുണ്ടോ?- മുരളി
•വാർഷിക അവധി, വെള്ളിയാഴ്ച, പൊതു അവധി ദിവസങ്ങൾ എന്നിവ കൂടാതെ താഴെ പറയുന്ന അവധികൾ ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ട്. തൊഴിലാളിയുടെ വിവാഹം, അടുത്ത ബന്ധുക്കളുടെ മരണം എന്നീ അവസരങ്ങളിൽ മൂന്നു ദിവസത്തെ അവധി ലഭിക്കും. അകന്ന ബന്ധുക്കളുടെ മരണം സംഭവിച്ചാൽ ഒരു ദിവസം അവധി ലഭിക്കും.
അതുപോലെ കുട്ടി ജനിച്ചാൽ ഒരു ദിവസം അവധി ലഭിക്കും. മുസ്ലിം വനിത തൊഴിലാളിയുടെ ഭർത്താവ് മരിച്ചാൽ ഒരു മാസത്തെ ശമ്പളത്തോടു കൂടിയുള്ള അവധി ലഭിക്കും. ഈ അവസരത്തിൽ വാർഷിക അവധി സഹിതം ശമ്പളത്തോടെയും അല്ലാതെയും 100 ദിവസം വരെ അവധി എടുക്കാൻ അർഹതയുണ്ട്. അങ്ങനെയുള്ള അവധികൾ ലഭിക്കുന്നതിന് തൊഴിലുടമ ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.