പ്രതീക്ഷയോടെ പുതുവർഷത്തിലേക്ക്
text_fieldsദുബൈ: പ്രതീക്ഷയുടെ പുതുവത്സര പുലരിയിലേക്ക് കണ്ണുനട്ട് യു.എ.ഇ ജനത ഒന്നടങ്കം ഇന്നത്തെ രാവ് ആഘോഷമാക്കും. എല്ലാ എമിറേറ്റുകളും പുതുവത്സര ആഘോഷങ്ങൾക്കായി വിപുലമായ സജ്ജീകരണങ്ങളും സുരക്ഷ മുൻകരുതലുകളുമാണ് ഒരുക്കിയിട്ടുള്ളത്. ദുബൈയിൽ മാത്രം 36 സ്ഥലങ്ങളിലാണ് വെടിക്കെട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്ന് ദുബൈ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റി പൊതുജനങ്ങളോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആഘോഷവേദികളിലേക്ക് നേരത്തേയെത്തുക, ഔദ്യോഗിക സംവിധാനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് മനസ്സിലാക്കുക, അത്യാവശ്യ ഘട്ടങ്ങളിൽ 999 എന്ന നമ്പറിലേക്കും അടിയന്തരമല്ലാത്ത സാഹചര്യങ്ങളിൽ 901 എന്ന നമ്പറിലേക്കും വിളിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനമായും നൽകിയിട്ടുള്ളത്.
ദുബൈയിൽ നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ കുടുംബങ്ങള്‍ക്കും ബാച് ലര്‍മാര്‍ക്കും പ്രത്യേക ഏരിയകള്‍ നിശ്ചയിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന ഡൗണ്‍ ടൗണ്‍ ദുബൈ, ദുബൈ ഹില്‍സ് എസ്റ്റേറ്റ് എന്നീ രണ്ടിടങ്ങളിലാണ് കുടുംബങ്ങള്‍ക്കും ബാച് ലര്‍മാര്‍ക്കും പ്രത്യേകം കാഴ്ച ഇടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഡൗണ്‍ ടൗണ്‍ ദുബൈയില്‍ സന്ദര്‍ശകര്‍ക്ക് വലിയ സ്ക്രീനുകളും ബുര്‍ജ് പാര്‍ക്കും സഹിതം കരിമരുന്ന് പ്രകടനം, ലൈറ്റിങ്, ലേസര്‍ ഷോകള്‍, ജലധാരകള്‍, സംഗീതം എന്നിവ ആസ്വദിക്കാം. അതേസമയം, ദുബൈ ഹില്‍സ് എസ്റ്റേറ്റില്‍ ഡി.ജെ ഷോകള്‍, സ്ക്രീനുകള്‍, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, ലൈവ് ആര്‍ട്ട് ഷോകള്‍ എന്നിവ ഒരുക്കും.
ഡൗണ്‍ ടൗണ്‍ ദുബൈയിലെ കുടുംബങ്ങള്‍ക്കായി, ദ ബൊളിവാര്‍ഡ്, ആക്റ്റ് 1, 2, സൗത്ത് റിഡ്ജ്, ഓള്‍ഡ് ടൗണ്‍, കാസ്കേഡ് ഗാര്ഡന് എന്നീ മേഖലകളാണ് നിശ്ചയിച്ചിരിക്കുന്നത്. റൂഫ് ഹോട്ടല്‍ പരിസരം, ബുര്‍ജ് വിസ്തക്ക് പിറകുവശം, ബുര്‍ജ് വ്യൂസിന് സമീപം, സഅബീല്‍ മാളിന് സമീപം, വിദ റസിഡന്‍സിക്ക് പിറകുവശം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലാണ് ബാച് ലര്മാര്ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ബാച് ലര്‍മാര്‍ക്ക് ഒന്നാം നമ്പര്‍ ഗേറ്റും ഓപ്പറ ഗ്രാന്‍ഡിലെ രണ്ടാം നമ്പര്‍ ഗേറ്റുമാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ആറ് ഗേറ്റുകള്‍ കുടുംബങ്ങള്‍ക്കായും ഒരു ഗേറ്റ് റിസര്‍വ്ഡ് ആയും മാറ്റിവെച്ചിരിക്കുന്നു. ആഘോഷ പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 8000ത്തിലധികം പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 10,000ത്തിലധികം ഉദ്യോഗസ്ഥരെയും പ്രദേശത്തുടനീളം 33 സുരക്ഷ ടെന്റുകളും അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.