തൊഴിലില്ലായ്മനിരക്ക് കുറഞ്ഞത് വളർച്ചയുടെ സൂചന
text_fieldsമനാമ: രാജ്യത്ത് തൊഴിലില്ലായ്മനിരക്ക് കുറഞ്ഞത് സാമ്പത്തിക വളർച്ചയുടെ സൂചനയാണെന്ന് കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. 2021ൽ 7.7 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2022ൽ 5.4 ശതമാനമായാണ് കുറഞ്ഞത്.
സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് നടപ്പാക്കിയ പദ്ധതികൾ വിജയകരമായതാണ് ഈ നേട്ടത്തിന് കാരണമായത്. തൊഴിൽമന്ത്രാലയം നടത്തിയ ശ്രമങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു. അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനാചരണ പശ്ചാത്തലത്തിൽ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും കാബിനറ്റ് ആശംസകൾ നേർന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനവും വിവിധ രാഷ്ട്ര നേതാക്കളുമായുള്ള സൗഹൃദ കൂടിക്കാഴ്ചയും ചർച്ചയും മേഖലക്ക് കരുത്തുപകരുന്നതാണെന്ന് മന്ത്രിസഭ വിലയിരുത്തി. യു.എ.ഇയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഹമദ് രാജാവിന്റെ സന്ദർശനത്തിലൂടെ സാധ്യമായതായും വിലയിരുത്തി. ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുടെ പുരോഗതിയെ കുറിച്ച റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചു. 2022ൽ മന്ത്രാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിസഭ കാര്യാലയ മന്ത്രി റിപ്പോർട്ട് അവതരിപ്പിച്ചു. ‘സിജില്ലാത്’, ‘തവാസുൽ’, ബിനായാത് എന്നീ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ വകുപ്പുകളുടെ കാര്യക്ഷമത പരിശോധിച്ചത്.
പോയവർഷം മെച്ചപ്പെട്ട പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ വ്യാപാരമേഖലയിലും വളർച്ചയുണ്ടായിട്ടുണ്ട്. ‘തവാസുൽ’ സംവിധാനം വഴി 53 സർക്കാർ മേഖലകളിലൂടെ 1,79,421 പരാതികളും നിർദേശങ്ങളും സംശയനിവാരണവും വരുത്തുകയുണ്ടായി. ‘ബിനായാത്’ സംവിധാനത്തിലൂടെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട 2309 അപേക്ഷകൾ ലഭിക്കുകയും സമയത്തിനുള്ളിൽതന്നെ അവ പരിഹരിക്കുകയും ചെയ്തിരുന്നു. ‘സിജില്ലാത്’ സംവിധാനത്തിലൂടെ 1,69,528 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 99 ശതമാനവും നിശ്ചിതമാനദണ്ഡങ്ങൾ പാലിച്ച് തീർപ്പാക്കുകയും ചെയ്തു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.