ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഇന്ന് പ്രവർത്തനമാരംഭിക്കും
text_fieldsമനാമ: ലുലു ഗ്രൂപ്പിനുകീഴിൽ തുടങ്ങുന്ന ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഹമദ് ടൗൺ ദാനാത് അൽ ലോസിയിൽ ബുധനാഴ്ച പ്രവർത്തനമാരംഭിക്കും. രാവിലെ 11ന് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം നിർവഹിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് റാഷിദ് അൽസയാനി, തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, ഭവന വകുപ്പ് മന്ത്രി ബാസിം ബിൻ യാക്കൂബ് അൽ ഹമർ, ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അൽ സായിദ് എന്നിവർ പങ്കെടുക്കും.
പൂർണമായും വനിതകൾ നിയന്ത്രിക്കുന്ന സ്ഥാപനമെന്ന പ്രത്യേകതയോടെയാണ് ഷോറൂം ആരംഭിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ബേക്കറി ഉൽപന്നങ്ങൾ, മറ്റ് ഭക്ഷണ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഫ്രഷ് മാർക്കറ്റിൽ ലഭ്യമാണ്. ബഹ്റൈനി ഉൽപന്നങ്ങളും ഇറക്കുമതി ചെയ്ത ബ്രാൻഡഡ് ഉൽപന്നങ്ങളും ഇവിടെയുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ജനറൽ മാനേജർ റീന പറഞ്ഞു.
പാർപ്പിട കേന്ദ്രങ്ങളോടുചേർന്നുള്ള ഷോറൂം മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുന്നത്. ക്യൂ നിൽക്കാതെ സാധനങ്ങൾ വാങ്ങി പുറത്തുകടക്കാൻ സഹായിക്കുന്ന സെൽഫ് ചെക്കൗട്ട് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങിയ സാധനങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്ത് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി പണമടച്ച് പുറത്തിറങ്ങാൻ സാധിക്കും. സൗദിയിലാണ് ആദ്യമായി ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ആരംഭിച്ചത്. രണ്ടാമത് ഷോറൂമാണ് ബഹ്റൈനിൽ തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.