പോളണ്ടിലേക്കും സേവനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്
text_fieldsമനാമ: പോളണ്ടിൽ മധ്യ യൂറോപ്യൻ മേഖലക്കായി ഭക്ഷ്യ, കയറ്റുമതി ഹബ് സ്ഥാപിക്കാൻ ലുലു ഗ്രൂപ്. ഇതുസംബന്ധിച്ച രണ്ടു ധാരണപത്രങ്ങളിൽ ലുലു ഗ്രൂപ്പും പോളണ്ടിലെ സർക്കാർ ഏജൻസികളും ഒപ്പുവെച്ചു. ഇതനുസരിച്ച് ഭക്ഷ്യസാധനങ്ങൾ ശേഖരിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള കേന്ദ്രം ലുലു ഗ്രൂപ് പോളണ്ടിൽ ആരംഭിച്ചു.
പോളണ്ടിന്റെ വടക്കുകിഴക്കുള്ള ഓൾസ്റ്റിൻ മസൂറി എയർപോർട്ടിലാണ് കേന്ദ്രം. കേന്ദ്രത്തിൽനിന്നുള്ള ആദ്യ ചരക്കുവാഹനം കഴിഞ്ഞ ദിവസം ഫ്ലാഗ്ഓഫ് ചെയ്തു. മുഹമ്മദ് അൽ ഹാർബിയിലെ ഓൾസ്റ്റിൻ മസൂറി എയർപോർട്ട് മാനേജ്മെന്റ് ബോർഡ് പ്രസിഡന്റ് വിക്ടർ വോജ്സിക്കിന്റെ സാന്നിധ്യത്തിൽ വാർമിൻസ്കോ-മസുർസ്കി റീജ്യൻ ഗവർണർ ഗുസ്റ്റോ മാരേക് ബ്രസെസിനും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ചേർന്നാണ് ഫ്ലാഗ്ഓഫ് ചെയ്തത്. പോളണ്ടിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് അൽ ഹർബി, യു.എ.ഇയിലെ പോളണ്ട് അംബാസഡർ ജാക്കൂബ് സ്ലാവെക്, പോളിഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ട്രേഡ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പോളണ്ടിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം വ്യാപിപ്പിക്കുന്നതാണ് രണ്ടാമത്തെ ധാരണപത്രം. പോളണ്ടിലെ വിവിധ പ്രദേശങ്ങളിലെ മറ്റ് അനുബന്ധ ബിസിനസ് മേഖലകളിലെ പുതിയ അവസരങ്ങൾക്കായി ഇത് സഹായിക്കും. ലുലു ഗ്രൂപ് പ്രതിനിധി സംഘം ചെയർമാൻ എം.എ. യൂസുഫലിയുടെ നേതൃത്വത്തിൽ പോളിഷ് സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തി.
സഹകരണത്തിന്റെ പുതിയ വഴികൾ കണ്ടെത്തുന്നതിനായി കർഷകരുടെ സഹകരണ സംഘങ്ങളുമായും മറ്റു കാർഷിക ഉൽപാദകരുമായും കൂടിക്കാഴ്ച നടന്നു. ആദ്യ ഘട്ടത്തിൽ 50 ദശലക്ഷം യൂറോയുടെ കയറ്റുമതിയാണ് പ്രതീക്ഷിക്കുന്നത്. പോളണ്ടിൽ നിക്ഷേപം നടത്താനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനത്തെ പോളിഷ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് സസ്ലോവ് സോക്കൽ അഭിനന്ദിച്ചു. പോളണ്ട് കൃഷി, ഗ്രാമവികസന മന്ത്രി റോബർട്ട് ടെലസ്, ലുലു ഗ്രൂപ്പിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകുമെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.