ബഹ്റൈനിൽ വിൽപത്രം എഴുതാൻ സാധിക്കുമോ?
text_fieldsഇവിടെ വിൽപത്രം എഴുതാൻ സാധിക്കുമോ? ഇവിടെ എഴുതിയാൽ ഇവിടത്തെ കോടതി മുഖേന അത് നടപ്പാക്കാൻ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന എക്സിക്യൂട്ടർക്ക് സാധിക്കുമോ? ഇവിടത്തെ കോടതിയിൽനിന്ന് അതിനുള്ള കോടതി വിധി ലഭിക്കുമോ? വിൽപത്രത്തിൽ എന്തെല്ലാം വിവരങ്ങൾ ചേർക്കണം. വിൽപത്രം സാക്ഷ്യപ്പെടുത്തണോ? -രാജീവൻ
>> ഇവിടെ വിൽപത്രം നിയമപരമായി എഴുതാൻ സാധിക്കും. അമുസ്ലിമായ വിദേശികൾക്കും സ്വദേശികൾക്കും വിൽപത്രം അവരവർക്ക് ബാധകമായ നിയമപ്രകാരം എഴുതാം. അതായത്, ക്രിസ്ത്യനാണ് വിൽപത്രം എഴുതുന്നതെങ്കിൽ ക്രിസ്ത്യൻ വ്യക്തി നിയമപ്രകാരം ആയിരിക്കണം. ഇവിടെ വിൽപത്രം സാക്ഷ്യപ്പെടുത്തുന്നത് ഒരു പള്ളിയിലെ വികാരിയോ അല്ലെങ്കിൽ അമ്പലത്തിലെ പൂജാരിയോ ആയിരിക്കണം. സാക്ഷ്യപ്പെടുത്തിയ വിൽപത്രം ഒരു നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം. എന്നാൽ മാത്രമേ ഇവിടത്തെ കോടതി അത് സ്വീകരിക്കുകയുള്ളൂ. പള്ളിയിലെ വികാരി അല്ലെങ്കിൽ അമ്പലത്തിലെ പൂജാരി ഇവിടത്തെ നോട്ടറി ഓഫിസിൽ ചെയ്ത വ്യക്തിയായിരിക്കണം. ഇപ്രകാരം നോട്ടറി അറ്റസ്റ്റ് ചെയ്ത വിൽപത്രം ഇവിടത്തെ കോടതി സ്വീകരിക്കും. കോടതി നടപടികൾ എല്ലാം പൂർത്തിയാക്കിയശേഷം എക്സിക്യൂട്ടറുടെ നിയമനം കോടതി അംഗീകരിച്ചുകൊണ്ടുള്ള കോടതി വിധി ലഭിക്കും.
വിൽപത്രം എഴുതുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:
1. ഏത് നിയമപ്രകാരമാണ് വിൽപത്രം എഴുതിയതെന്ന് വ്യക്തമാക്കണം.
2. വ്യക്തിയുടെ മതം എഴുതണം.
4. ആസ്തികളും വസ്തുവകകളും സംബന്ധിച്ച എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി അവ ആർക്കൊക്കെ ഏതൊക്കെ രീതിയിൽ നൽകണമെന്ന് വ്യക്തമാക്കണം.
5. അനന്തരാവകാശികൾ ആരൊക്കെയെന്ന് വ്യക്തമാക്കണം. അവരുടെ ഐഡന്റിറ്റി വ്യക്തമാക്കിയിരിക്കണം.
6. വിൽപത്ര പ്രകാരം അനന്തരാവകാശികളായി നിശ്ചയിക്കുന്നവരിൽ പ്രായപൂർത്തിയാവാത്തവരുണ്ടെങ്കിൽ അവർ പ്രായപൂർത്തി ആകുന്നതുവരെ കെയർടേക്കർ എന്ന നിലയിൽ രക്ഷാകർത്താവിനെ നിശ്ചയിക്കണം.
7. ഒന്നിൽ കൂടുതൽ വ്യക്തികളെ എക്സിക്യൂട്ടറായി വെക്കുന്നത് നല്ലതാണ്. അതായത്, ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ വേറെ ഒരാൾക്ക് വിൽപത്രം നടപ്പാക്കാൻ സാധിക്കുന്ന നിലയിൽ.
8. പല രാജ്യങ്ങളിൽ വസ്തുക്കളും ആസ്തികളും ഉണ്ടെങ്കിൽ ഒന്നുകിൽ എല്ലാ വസ്തുവകകളും ഒരു വിൽപത്രത്തിൽ ചേർക്കണം. അല്ലെങ്കിൽ ഒരു രാജ്യത്തെ മാത്രമാണെങ്കിൽ അത് പ്രത്യേകം പറഞ്ഞിരിക്കണം.
9. വിൽപത്രം എഴുതുമ്പോൾ ഒരു അഭിഭാഷകെന്റ സഹായം തേടുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഇവിടെ വിൽപത്രം എഴുതുമ്പോൾ. ഇവിടെ വസ്തുവകകൾ ഉണ്ടെങ്കിലും ഇവിടത്തെ കോടതി മുഖേന അത് നടപ്പാക്കാനാണെങ്കിലും ഇത് നല്ലതാണ്.
10. വിൽപത്രം എപ്പോൾ വേണമെങ്കിലും മാറ്റി എഴുതാൻ സാധിക്കും. പക്ഷേ, ഓരോ പ്രാവശ്യം എഴുതുമ്പോഴും നേരത്തേ എഴുതിയ വിൽപത്രം റദ്ദാക്കിയെന്നും ഇപ്പോൾ എഴുതുന്നത് അന്തിമ വിൽപത്രം (ലാസ്റ്റ് വിൽ) ആണെന്നും എഴുതണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.