ഗോൾഡൻ വിസ ലഭിച്ചവർ മറ്റ് വിസ എടുക്കേണ്ടതുണ്ടോ?
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
? ഞാൻ 2021 ൽ ഇവിടെ ഒരു കമ്പനി ഉണ്ടാക്കി. രണ്ട് വർഷത്തെ ഇൻവെസ്റ്റർ വിസയും താമസ വിസയും എടുത്തു. അതിനുശേഷം 2022 ൽ എനിക്ക് ഗോൾഡൻ വിസ ലഭിച്ചു. ആ വിസ 2032 വരെയുണ്ട്. എന്റെ ഇൻവെസ്റ്റർ വിസ ഈ വരുന്ന നവംബറിൽ തീരും. ഞാൻ അത് പുതുക്കേണ്ടതുണ്ടോ- മോഹൻ
•ഗോൾഡൻ വിസ ഇവിടെ താമസിക്കാൻ മാത്രമുള്ള വിസയാണ്. ഇവിടെ ജോലി ചെയ്യുകയോ ഏതെങ്കിലും ബിസിനസ് ചെയ്യുകയോ ചെയ്യണമെങ്കിൽ എൽ.എം.ആർ.എയിൽ നിന്നും തൊഴിൽ വിസ എടുക്കണം. തൊഴിലാളിയാണെങ്കിൽ എൽ.എം.ആർ.എയിൽനിന്നും വർക്ക് പെർമിറ്റ് എടുക്കണം. ആ പെർമിറ്റിന്റെ കൂടെ താമസവിസ ആവശ്യമില്ല. അതുപോലെ ബിസിനസ് നടത്തുകയാണെങ്കിൽ, എൽ.എം.ആർ.എയിൽനിന്നും ലഭിക്കുന്ന ഇൻവെസ്റ്റർ പെർമിറ്റ് എടുക്കുകയോ പുതുക്കുകയോ ചെയ്യണം. തൊഴിൽ വിസയാണെങ്കിൽ GOSI കൊടുക്കണം. ബിസിനസ് വിസയാണെങ്കിൽ GOSI നൽകേണ്ട ആവശ്യമില്ല. അതിന്റെ ആനുകൂല്യങ്ങളും ലഭിക്കുകയില്ല.
?ഞാൻ ഇപ്പോൾ താമസിക്കുന്നത് ഡിപ്പൻഡന്റ് വിസയിലാണ്. എനിക്ക് ഒരു ജോലി ലഭിച്ചു. അവർ പറയുന്നത് വിസ മാറ്റാതെ തൊഴിൽ പെർമിറ്റ് എടുത്ത് തരാമെന്നാണ്.എനിക്ക് എന്റെ ഡിപ്പൻഡന്റ് വിസ മാറ്റുവാനും ഉദ്ദേശ്യമില്ല. എൽ.എം.ആർ.എയിൽനിന്നും തൊഴിൽ വിസ മാത്രം ലഭിക്കുമോ- ലിസ
•എൽ.എം.ആർ.എയിൽനിന്നും വർക്ക് പെർമിറ്റ് മാത്രം ലഭിക്കും. അപ്പോൾ താമസവിസ ഇപ്പോൾ ഉള്ളതുതന്നെ മതി. അത് പുതിയ തൊഴിലുടമയുടെ പേരിലേക്ക് മാറ്റണമെന്നില്ല. സാധാരണ പ്രഫഷനൽ ജോലി ചെയ്യുന്നവർക്കാണ് തൊഴിൽ വിസ മാത്രം ലഭിക്കുന്നത്. അതായത് ഡോക്ടേഴ്സ്, ടീച്ചേഴ്സ്, ലോയേഴ്സ് എന്നിങ്ങനെയുള്ള പ്രഫഷനലുകൾക്ക്. തൊഴിൽ വിസ മാത്രം എടുത്താലും തൊഴിൽ നിയമത്തിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. അതുപോലെ GOSI കോൺട്രിബ്യൂഷൻ കൊടുക്കണം. GOSI യുടെ ആനുകൂല്യങ്ങളും ലഭിക്കും. എന്തായാലും തൊഴിൽ വിസ ലഭിച്ച ശേഷമേ ജോലിക്ക് പോകാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.