വിസ്മയരാവിൽ അത്ഭുതങ്ങളൊരുക്കി മജീഷ്യൻ സാമ്രാജ്
text_fieldsമനാമ: അമ്പരപ്പിക്കുന്ന കൈയടക്കം, ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ ചടുലമായ വാക്കുകൾ, ഭീതിയുളവാക്കുന്ന ഭാവപ്രകടനങ്ങൾ... ബഹ്റൈനിലെ കാണികളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിക്കാൻ മജീഷ്യൻ സാമ്രാജ് ഒരുങ്ങിക്കഴിഞ്ഞു.
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനംകുറിച്ച് വ്യാഴാഴ്ച വൈകീട്ട് അരങ്ങേറുന്ന മാജിക് ഷോയെ അത്യാവേശത്തോടെയാണ് ബഹ്റൈനിലെ പ്രവാസി സമൂഹം കാത്തിരിക്കുന്നത്.
കോവിഡിനുശേഷമുള്ള ആദ്യ വിദേശ പരിപാടിക്കാണ് മജീഷ്യൻ സാമ്രാജ് ബഹ്റൈനിൽ എത്തുന്നത്. മുമ്പ് അഞ്ചു തവണ ബഹ്റൈനിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ് ഈ കൊച്ചുരാജ്യം. ബഹ്റൈനിലെ പരിപാടിക്കുശേഷം മസ്കത്തിലും ദുബൈയിലും സൗദിയിലും അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങൾ അരങ്ങേറും.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വേദികളിൽ അത്ഭുത വിദ്യകൾ അവതരിപ്പിച്ച സാമ്രാജ് ഇതിനകം സ്വന്തമാക്കിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ഏതു വേദിയിൽ എത്തിയാലും ഓടി അരികിലെത്തുന്ന ആരാധകർ ഇദ്ദേഹത്തിന്റെ ജനസമ്മതിയുടെ തെളിവാണ്. കാഴ്ചക്കാരുടെ മനസ്സ് സംഭ്രമിച്ചുനിൽക്കുന്ന ഞൊടിയിട നേരംകൊണ്ട് മാന്ത്രികൻ വിസ്മയം തീർക്കുന്ന മാജിക്കിനെ മലയാളികൾ നെഞ്ചേറ്റാൻ മുഖ്യകാരണക്കാരിൽ ഒരാളാണ് സാമ്രാജ്.
കലാകാരന്മാർക്കുവേണ്ടി ഉയർന്ന ശബ്ദം
കേരളത്തിലെ തുടർച്ചയായ പ്രളയങ്ങൾ, കോവിഡ് മഹാമാരി എന്നിവയിൽ തളർന്നുപോയ കലാകാരന്മാർ പതിയെ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സാമ്രാജ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇദ്ദേഹത്തിനുമുണ്ടായി. നിരവധി മാജിക് ഉപകരണങ്ങളാണ് ഉപയോഗശൂന്യമായത്. മാജിക് അനുദിന പരിശീലനം ആവശ്യമുള്ള കലയായതിനാൽ, പരിപാടികൾ ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
പ്രളയവും കോവിഡും തകർത്ത കലാകാരന്മാരുടെ പ്രയാസം സ്വന്തം വേദനപോലെ ഏറ്റെടുക്കുകയായിരുന്നു സാമ്രാജ്. അവർക്കുവേണ്ടി അദ്ദേഹമുയർത്തിയ ശബ്ദം കേരളത്തിലുടനീളം പ്രതിധ്വനിച്ചു. സ്റ്റേജ് കലാകാരന്മാർ അനുഭവിക്കുന്ന ദുരിതം അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ 2021 സെപ്റ്റംബറിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ദഹന പേടകമൊരുക്കി അദ്ദേഹം നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധിക്കപ്പെട്ടു. മാവേലിക്കരയിലെ വീടിനു സമീപം ഒഴിഞ്ഞ കസേരകൾക്കു മുന്നിൽ മാജിക് ഷോ അവതരിപ്പിച്ച് സാമ്രാജ് പ്രതിഷേധിച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
മെന്റലിസം മാജിക്കിന്റെ ഭാഗം
മാജിക്കിനെ തള്ളിപ്പറഞ്ഞ് മെന്റലിസത്തെ പ്രത്യേക ശാഖയായി അവതരിപ്പിക്കുന്നതിനെ മജീഷ്യൻ സാമ്രാജ് അംഗീകരിക്കുന്നില്ല. മാജിക്കിന്റെ ഒരു ഭാഗം തന്നെയാണ് മെന്റലിസം എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മെന്റലിസ്റ്റുകൾ എന്നു പറയുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇക്കാര്യത്തിൽ ചെയ്യുന്നത്.
മാജിക്കിന്റെ സ്വീകാര്യതക്ക് ഇന്നും കോട്ടം തട്ടിയിട്ടില്ലെന്ന് സാമ്രാജ് പറയുന്നു. കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം മാജിക് എന്നു കേട്ടാൽ ഇപ്പോഴും ഓടിയെത്തും. പുതിയ തലമുറയെയും ആകർഷിക്കാൻ കഴിയുന്ന മാന്ത്രികത ഈ കലാരൂപത്തിനുണ്ട്.
എല്ലാവരെയും മാജിക് പഠിപ്പിക്കുന്നതിനെ എതിർക്കുന്ന സാമ്രാജ്, ജന്മസിദ്ധമായ കഴിവുള്ളവർക്കു മാത്രമേ ഇത് അവതരിപ്പിക്കാൻ കഴിയൂ എന്ന നിലപാടുകാരനാണ്. ആയിരക്കണക്കിനാളുകൾ ഇപ്പോൾ മാജിക് പഠിച്ചിറങ്ങുന്നുണ്ട്. എന്നാൽ, മാജിക് അവതരിപ്പിക്കുന്നവരാകട്ടെ വളരെ കുറവും.
ആളുകളെ സംഭ്രമിപ്പിക്കുന്ന ഇല്യൂഷൻ പ്രകടനമാണ് മജീഷ്യൻ സാമ്രാജിനെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തോടൊപ്പം കൺജ്യൂറിങ് പ്രകടനവുമായി മജീഷ്യൻ വിൽസൻ ചമ്പക്കുളവും ബഹ്റൈനിൽ എത്തിയിട്ടുണ്ട്. രണ്ടു ടണ്ണോളം ഉപകരണങ്ങളാണ് മജീഷ്യൻ സാമ്രാജിന്റെ പ്രകടനത്തിനു വേണ്ടത്. അതേസമയം, ഒരു സ്യൂട്ട്കേസിൽ കൊള്ളുന്ന സാധനങ്ങളുമായി അവതരിപ്പിക്കുന്നതാണ് വിൽസൻ ചമ്പക്കുളത്തിന്റെ കൺജ്യൂറിങ് മാജിക്.
ഉത്തരേന്ത്യയിൽ നിരവധി വേദികളിൽ മാജിക് അവതരിപ്പിച്ച് പ്രശസ്തി നേടിയ മജീഷ്യനാണ് വിൽസൻ ചമ്പക്കുളം. നാട്ടിൽനിന്നും ബഹ്റൈനിൽനിന്നുമായി 30ഓളം സഹായികളും വ്യാഴാഴ്ച ഇവർക്കൊപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.