മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം 17ന്
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷെൻറ കുട്ടികളുടെ വിഭാഗമായ മലർവാടി പ്രവാസി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം' ബഹ്റൈൻ ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി ഡിസംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ചിത്രരചന മത്സരം ഈ വർഷം കോവിഡ് പ്രതിസന്ധി കാരണം ഒാൺലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. 2000 ത്തിലധികം വിദ്യാർഥികൾ മാറ്റുരക്കുന്ന മലർവാടി ഐമാക് മഴവില്ല് മെഗാ ചിത്രരചന മത്സരത്തിന് ഡിസംബർ 13 വരെയാണ് രജിസ്ട്രേഷൻ.
എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള, ബഹ്റൈനിൽ താമസിക്കുന്ന പ്രവാസി വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ മികവ് തെളിയിക്കുന്നവരുടെ ഫൈനൽ മത്സരം ജനുവരിയിൽ നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾക്കുപുറമെ പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഡിസംബർ 17ന് ഉച്ചക്ക് രണ്ടിന് ബഹ്റൈനിലെ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്യുന്ന ചിത്രരചന മത്സരം മലർവാടി ജി.സി.സി കോഒാഡിനേറ്റർ സാജിദ് ആറാട്ടുപുഴ നിയന്ത്രിക്കും. കുട്ടികളിൽ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സർഗാത്മകതയും സാമൂഹികാവബോധവും വളർത്തിയെടുക്കാനുതകുന്ന വിവിധ പരിപാടികളാണ് മലർവാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
കളിമുറ്റം, കളിക്കളം, ബാലോത്സവം, വിജ്ഞാനോത്സവം, മലർവാടി കൈയെഴുത്ത് മാഗസിൻ, മഴവില്ല് ചിത്രരചന മത്സരം, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച മലർവാടി മെഗാ ക്വിസ്, നാട്ടിലും മറുനാട്ടിലുമായി രക്ഷിതാക്കളോടൊപ്പം മൂന്നര ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മലർവാടി ലിറ്റിൽ സ്കോളർ എന്നിവ ഇതിനകം മലർവാടി നടത്തിയ ശ്രദ്ധേയമായ പരിപാടികളാണ്. 2021ലെ മലർവാടി ലിറ്റിൽ സ്കോളർ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ബഹ്റൈനിലുള്ള മത്സരാർഥി ഹയ മറിയം ആയിരുന്നു. വാർത്തസമ്മേളനത്തിൽ ഫ്രൻഡ്സ് ബഹ്റൈൻ മീഡിയ കൺവീനർ പി.പി. ജാസിർ, ബഹ്റൈൻ മലർവാടി കോഒാഡിനേറ്റർ സക്കീന അബ്ബാസ്, മലർവാടി മെഗാ ചിത്രരചന പ്രോഗ്രാം കൺവീനർ നൗമൽ റഹ്മാൻ, മലർവാടി രക്ഷാധികാരി ജമാൽ ഇരിങ്ങൽ, വൈസ് പ്രസിഡൻറ് സഈദ് റമദാൻ നദ്വി, അബ്ബാസ് മലയിൽ, ജമീല ഇബ്രാഹിം, സമീറ നൗഷാദ്, അസ്ലം വേളം, അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.