കേരളം കണ്ടിട്ടില്ലാത്ത ‘മലയാളി ഭായ് ’ ; മലയാളികളേക്കാൾ നന്നായി മലയാളം പറയും ഈ ബംഗ്ലാദേശി
text_fieldsമനാമ: ബഹ്റൈൻ വെസ്റ്റ് റിഫയിലെ ബുക്ക് വാറയിലെ മാമ മിൻവ റസ്റ്റാറന്റിൽ ആദ്യമായി ഭക്ഷണം കഴിക്കാൻ കയറുന്ന മലയാളികൾ ഇറങ്ങാൻ നേരത്ത് സപ്ലയർ റിയാദിനോട് ചോദിക്കും. ‘‘നാട്ടിലെവിടെയാ?’’ ബംഗ്ലാദേശിലെ തെക്കുകിഴക്കൻ പുഴയോര പട്ടണമായ കമില്ലയാണ് സ്വദേശമെന്ന മറുപടി പച്ചമലയാളത്തിൽ കേൾക്കുമ്പോൾ അതിഥികൾ ശരിക്കും അമ്പരന്നു പോകും. ഒരിക്കൽ പോലും കേരളം കണ്ടിട്ടില്ലാത്ത റിയാദ് അത്ര മനോഹരമായാണ് മലയാളം സംസാരിക്കുന്നത്.
12 വർഷംമുമ്പ്, പതിനെട്ടാം വയസ്സിലാണ് റിയാദ് അബ്ദുൽ ബാഷർ ബംഗ്ലാദേശിൽ നിന്ന് ജോലി തേടി ബഹ്റൈനിലെത്തിയത്. ആദ്യ മൂന്ന് വർഷം കോൾഡ് സ്റ്റോറിലായിരുന്നു ജോലി. കഴിഞ്ഞ ഒമ്പതുവർഷമായി റസ്റ്റാറന്റിൽ ജോലി ചെയ്യുന്നു. മലയാളികളായ സ്ഥാപന ഉടമകളോടും ജീവനക്കാരോടും നിരന്തരം ഇടപഴകി അതിവേഗം മലയാളം പഠിച്ചു. ഇന്നിപ്പോൾ റിയാദ് മലയാളം സംസാരിക്കുന്നത് കേട്ടാൽ മലയാളിയല്ലെന്ന് ആരും പറയില്ല. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള റിയാദ് സ്വന്തം നാട്ടുഭാഷയായ ബംഗ്ലാക്കും മലയാളത്തിനും പുറമെ ഹിന്ദി, അറബി, ഉർദു ഭാഷകളും നന്നായി സംസാരിക്കും. അത്യാവശ്യം ഇംഗ്ലീഷും അറിയാം.
ജോലി ചെയ്യുന്ന റസ്റ്റാറന്റിലെ ഓൾ റൗണ്ടറായ റിയാദ് എല്ലാ കസ്റ്റമേഴ്സിനും സുപരിചിതനാണ്. നല്ല തിരക്കുള്ള സ്ഥാപനത്തിൽ സപ്ലയർ ആയും പാചകക്കാരനായും കാഷ്യറായും ഡെലിവറി ബോയി ആയും ഒരേ സമയം എല്ലാ ജോലികളും ചെയ്യുന്നതുകൊണ്ട് ഹോട്ടലുടമക്കും ഭക്ഷണം കഴിക്കാനെത്തുന്നവർക്കും ഏറെ പ്രിയങ്കരനുമാണ്. ഭാര്യയും അഞ്ച് വയസ്സും മൂന്ന് മാസവും പ്രായമുള്ള രണ്ട് കുട്ടികളും കൂടാതെ പിതാവും മാതാവും ആറ് സഹോദരങ്ങളും അടങ്ങുന്നതാണ് റിയാദിന്റെ നാട്ടിലെ കുടുംബം. എന്നെങ്കിലുമൊരിക്കൽ കേരളം സന്ദർശിക്കണമെന്ന ആഗ്രഹവും ഉള്ളിലൊതുക്കി റിയാദ് അടുത്ത കസ്റ്റമറുടെ അടുത്തേക്ക്: ‘‘വരൂ വരൂ ഇരിക്കൂ.. കഴിക്കാൻ എന്താ വേണ്ടത്?’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.