വിശ്വമലയാളവുമായി മലയാളം മിഷൻ; ആഗോളതല ഉദ്ഘാടനവും പ്രവേശനോത്സവവും നാളെ
text_fieldsമനാമ: ലോകമെമ്പാടും മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പിന് കീഴിൽ കേരള സർക്കാർ ആരംഭിച്ച മലയാളം മിഷൻ, ആഗോളതലത്തിൽ മലയാളി പ്രവാസിസമൂഹത്തിൽ നടപ്പാക്കുന്ന സമ്പൂർണ മാതൃഭാഷാ സാക്ഷരത ദൗത്യമായ വിശ്വമലയാളം പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.വൈകീട്ട് 4.30ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കുമെന്നു കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട വിശിഷ്ട അതിഥിയായി പങ്കെടുക്കും.
മലയാളം മിഷൻ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി അംഗീകരിച്ചതും സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ നിർദേശിച്ചതുമായ മൂന്നു പദ്ധതികളിലൊന്നാണ് ‘വിശ്വമലയാളം’. വിദേശരാജ്യങ്ങളിലെ പ്രവാസ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘കുട്ടി മലയാളവും’ കേരളത്തിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാർക്കായി നടപ്പാക്കുന്ന ‘അന്യമലയാള’ വുമാണ് മറ്റു രണ്ടു ഭാഷാ പദ്ധതികൾ.മലയാളം മിഷൻ നിലവിൽ നടത്തിവരുന്ന പാഠ്യപദ്ധതിക്കു പുറത്തുനിൽക്കുന്നവരെയും കണ്ടെത്തി, ഭാഷ പഠിപ്പിച്ച്, സ്വന്തം ഭാഷയിൽ സമ്പൂർണ സാക്ഷരത നേടുന്ന ആദ്യ പ്രവാസി സമൂഹമായി മലയാളിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആദ്യം നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത് ബഹ്റൈനെയാണ്.
മലയാളം മിഷന്റെ ഇന്ത്യക്കുപുറത്തു സ്ഥാപിക്കപ്പെട്ട ആദ്യ ചാപ്റ്ററായ ബഹ്റൈൻ ചാപ്റ്ററിനാണ് വിശ്വമലയാളം പദ്ധതിയുടെ സംഘാടന ചുമതല. ബഹ്റൈനിലെ എല്ലാ മലയാളി പ്രവാസി കൂട്ടായ്മകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളെയും ലോക കേരള സഭാംഗങ്ങളെയും ഭാഷാ പ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആലോചനയോഗം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ 2023-24 അധ്യയനവർഷത്തെ പ്രവേശനോത്സവവും മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും.
ബഹ്റൈൻ കേരളീയസമാജത്തിലാണ് മലയാളം മിഷന്റെ ആദ്യ പഠനകേന്ദ്രം ആരംഭിച്ചത്. മലയാളം മിഷന്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും അധികം കുട്ടികൾ ഒരേസമയം ഭാഷാ പഠനത്തിനെത്തുന്നതുമായ പഠനകേന്ദ്രവും കേരളീയ സമാജമാണ്. ദാർശനികവും മനഃശാസ്ത്രപരവുമായ കണ്ടെത്തലുകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തിൽ ആവിഷ്കരിച്ചിട്ടുള്ള പാഠ്യപദ്ധതി പ്രകാരം മലയാളം മിഷൻ വിഭാവനം ചെയ്തിട്ടുള്ള കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ എല്ലാ കോഴ്സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഇന്ത്യയ്ക്ക് പുറത്തെ ഏക ചാപ്റ്ററും ബഹ്റൈനാണ്.
ബഹ്റൈൻ കേരളീയസമാജം ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി, ബഹ്റൈൻ പ്രതിഭ, വ്യാസ ഗോകുലം, ദിശ സെന്റർ, പ്രവാസി ഗൈഡൻസ് ഫോറം എന്നിവയാണ് ചാപ്റ്ററിലെ പഠനകേന്ദ്രങ്ങൾ. വിവിധ പഠനകേന്ദ്രങ്ങളിലായി 2000ത്തോളം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നുണ്ട്. നൂറോളം അധ്യാപകരും അത്ര തന്നെ ഭാഷാപ്രവർത്തകരും സേവനം നടത്തുന്നു. ഈവർഷം നാലോളം പുതിയ പഠനകേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബി.കെ.എസ് സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ്, രജിത അനി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.