മന്ത്രി സജി ചെറിയാൻ മലയാളം മിഷൻ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രിയും മലയാളം മിഷൻ ഉപാധ്യക്ഷനുമായ സജി ചെറിയാൻ മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ഓഫിസ് സന്ദർശിച്ച് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ ആദ്യ സമ്പൂർണ മാതൃഭാഷാ സാക്ഷര പ്രവാസി സമൂഹമായി ബഹ്റൈനെ മാറ്റുന്നതിനുള്ള പ്രവർത്തനം ഏറ്റെടുത്ത് നടത്താൻ മുന്നോട്ടു വന്ന ബഹ്റൈൻ ചാപ്റ്ററിനെ മന്ത്രി അനുമോദിച്ചു.
സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ വിശ്വമലയാളം പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുവാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പത്താംതരം തുല്യതാ പരീക്ഷയായ മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് മൂന്നു വർഷം കഴിഞ്ഞിട്ടും പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
മലയാളം മിഷന്റെ മറ്റ് കോഴ്സുകളുടെ മാതൃകയിൽ മലയാളം മിഷൻ തന്നെ നേരിട്ട് പരീക്ഷ നടത്തി സർട്ടിഫിക്കേറ്റ് നൽകുന്ന രീതി അവലംബിക്കണമെന്നും യോഗം മന്ത്രിയോടാവശ്യപ്പെട്ടു. സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയുടെ പരീക്ഷ ചുമതല സംസ്ഥാന പരീക്ഷാ ഭവനെ ചുമതലപ്പെടുത്തിയതോടെ ഉണ്ടായ അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള സത്വര നടപടി സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
ഭാഷാ പ്രവർത്തനത്തോടൊപ്പം സാംസ്കാരിക വിനിമയത്തിനുള്ള അവസരവും സാധ്യമാക്കുന്ന തരത്തിൽ സാംസ്കാരിക വകുപ്പിന്റെ വിവിധ വിഭാഗങ്ങളായ സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ഫോക് ലോർ അക്കാദമി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ വിദേശ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും വേണ്ടപ്പെട്ട സമിതികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സജി ചെറിയാൻ ഉറപ്പ് നൽകി.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ചാപ്റ്റർ സെക്രട്ടറി ബിജു എം.സതീഷ്, ജോയന്റ് സെക്രട്ടറി രജിത അനി, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പാഠശാല ജോയൻറ് കൺവീനർ സുനേഷ് സാസ്കോ തുടങ്ങിയവരും ഭാഷാധ്യാപകരും പ്രവർത്തകരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.