അകീലക്ക് ഫോട്ടോയെടുക്കാൻ കണ്ണിലുമുണ്ട് കാഴ്ചകൾ
text_fieldsമനാമ: മിഴികളിൽ തെളിയുന്ന ദൃശ്യം കാമറയിൽ ഒപ്പിയെടുത്ത് ഫോട്ടോഗ്രഫിയിൽ പുതിയ സാധ്യതകൾ തേടുകയാണ് പ്രവാസിയായ മലയാളി യുവതി. തൃശൂർ ഗുരുവായൂർ സ്വദേശിയായ അകീല ഹൈദറാണ് വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവങ്ങൾ പകർന്നുതരുന്നത്.
ലോകകപ്പ് നാളുകളിൽ അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സിയുടെ ചിത്രം സഹോദരന്റെ മിഴികളിൽ പതിഞ്ഞത് കാമറയിൽ പകർത്തിയപ്പോൾ ഒട്ടേറെപ്പേർ മികച്ച അഭിപ്രായം പറഞ്ഞത് ആത്മവിശ്വാസം കൂട്ടി. നേരത്തേ ബഹ്റൈൻ പതാകയുടെ ചിത്രം സഹോദരന്റെ കണ്ണിൽ പതിഞ്ഞതും കാമറയിലാക്കിയിട്ടുണ്ട്. മൊബൈൽ ഫോണിലെ ദൃശ്യം കണ്ണിന്റെ അടുത്തുവെച്ച് മിഴികളിൽ പതിയുന്ന പ്രതിബിംബം കാമറയിൽ പകർത്തുകയാണ് ചെയ്യുന്നത്. കോളജിൽ പഠിക്കുന്ന കാലം തൊട്ട് ഫോട്ടോഗ്രഫിയിൽ കഴിവ് പരീക്ഷിക്കുന്ന അകീല ഹൈദർ പെയിന്റിങ്ങിലും ക്രാഫ്റ്റിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മമ്മൂട്ടി, ദീപിക പദുക്കോൺ തുടങ്ങിയ പ്രമുഖരുടെ പോർട്രേറ്റുകളും വരച്ചിട്ടുണ്ട്. ഗെയിം ഓഫ് ത്രോൺസിലെ കഥാപാത്രങ്ങളെയും വരയിലൂടെ പകർത്തിയിട്ടുണ്ട്.
ഡിജിറ്റൽ ആർട്ടാണ് അകീല കൈവെച്ചിട്ടുള്ള മറ്റൊരു മേഖല. മോഹൻലാൽ, ഫഹദ് ഫാസിൽ, ടൊവിനോ, മംമ്ത മോഹൻദാസ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ ഡിജിറ്റൽ ആർട്ടിൽ വരച്ചിട്ടുണ്ട്. അടുത്തിടെ, ബഹ്റൈനിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മംമ്ത മോഹൻദാസിന് ചിത്രം നേരിട്ട് സമ്മാനിക്കാനും സാധിച്ചു. ആവശ്യക്കാർക്ക് ചിത്രങ്ങളും പോർട്രേറ്റുകളും വരച്ചുകൊടുക്കുന്നുമുണ്ട്.
ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ ബി.എസ് സി ബിസിനസ് മാനേജ്മെന്റ് പൂർത്തിയാക്കിയ അകീല ഹൈദർ ഇപ്പോൾ മുഴുവൻ സമയവും ഫോട്ടോഗ്രഫിയുടെയും ചിത്രരചനയുടെയും ലോകത്താണ്. ബുസ്താനി ട്രേഡിങ് കമ്പനിയിൽ ഫോർമാനായ പിതാവ് ഹൈദർ അബ്ദുല്ലയും എഴുത്തുകാരികൂടിയായ മാതാവ് ആബിദ എം.കെയും പിന്തുണയുമായി ഒപ്പമുണ്ട്. ആസിഫ്, ആഷിഖ് എന്നിവരാണ് സഹോദരങ്ങൾ. അകീല എടുത്ത ഫോട്ടോകളും വരച്ച ചിത്രങ്ങളും www.instagram.com/draculaa____ എന്ന ഇൻസ്റ്റഗ്രാം പേജിലും www.facebook.com/akhila.abdallah എന്ന ഫേസ്ബുക്ക് പേജിലും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.