ഫാൽക്കണുകളെ തേടി മലയാളി പ്രഫസർ ബഹ്റൈനിൽ
text_fieldsമനാമ: ഫാല്‍ക്കണുകൾക്ക് പിന്നാലെയാണ് രണ്ടര പതിറ്റാണ്ടായി മലപ്പുറം വാണിയന്നൂര്‍ സ്വദേശിയായ ഡോ. സുബൈര്‍ മേടമ്മലിന്റെ സഞ്ചാരം. അറബ് നാടുകളിൽ ഏറെ പ്രിയങ്കരമായ ഫാല്‍ക്കണ്‍ എന്ന പ്രാപ്പിടിയന്‍ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം പഠനത്തിന്റെ ഭാഗമായി ബഹ്റൈനിലെത്തിയിരിക്കുകയാണ്.
ഈ വിഷയത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഏഷ്യക്കാരനും ഏക ഇന്ത്യക്കാരനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോക്ടർ സുബൈർ മേടമ്മലാണ്.
ഫാല്ക്കണുകളെക്കുറിച്ചു പഠിക്കാന്‍ ഇതിനകം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ എട്ട് വരെ അബൂദബിയിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ എക്സിബിഷനിലും സെപ്റ്റംബറിൽ ഖത്തറിലെ ഖത്താരാ കൾചറൽ ഫൗണ്ടേഷനിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ സമ്മേളനത്തിലും സെപ്റ്റംബർ 24 മുതൽ 28 വരെ കുവൈത്തിലെ സബ്ഹാനിൽ നടന്ന അന്തർദേശീയ ഫാൽക്കൺ എക്സിബിഷനിലും ഡോ. സുബൈർ പ്രഭാഷണം നടത്തിയിരുന്നു.
റിയാദിലെ കിങ് സുഊദ് യൂനിവേഴ്സിറ്റിയിൽ നടന്ന ഫാൽക്കൺ ശിൽപശാലയിൽ കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള ഫാൽക്കണുകളുടെ രോഗ നിർണയവും വർഗീകരണവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഒക്ടോബർ മൂന്നു മുതൽ 12 വരെ റിയാദിലെ മൽഹമിൽ നടന്ന 70ഓളം രാജ്യങ്ങൾ പങ്കെടുത്ത അന്താരാഷ്ട്ര ഫാൽക്കൺ സമ്മേളനത്തിലും ഏക ഇന്ത്യൻ പ്രതിനിധിയായി ഡോ. സുബൈർ പങ്കെടുത്തിരുന്നു.
തുടർന്നാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്. ബഹ്റൈനിലെ ഫാൽക്കൺ വിദഗ്ധരുമായി ഡോ. സുബൈർ കൂടിക്കാഴ്ച നടത്തി. കൃത്രിമ ബുദ്ധി ഉപയോഗിച്ച് ഫാൽക്കണുകളുടെ രോഗം മുൻകൂട്ടി നിർണയിക്കുന്നതിനെക്കുറിച്ചും രോഗം വരാതെ അവയെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തിയതായി ഡോ. സുബൈർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ പക്ഷികളെക്കുറിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായി ഫാല്‍ക്കോണിസ്റ്റ് എന്ന പദവിയില്‍ യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നൽകി ആദരിച്ചിരുന്നു.
ലോക രാഷ്ട്രങ്ങളിലെ കോൺഫറൻസുകളിലും സെമിനാറുകളിലും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ഡോ. സുബൈറിന് ഒട്ടനവധി വന്യജീവി സംഘടനകളിലും അംഗത്വം ഉണ്ട്. വിവിധതരം ഫാൽക്കണുകളുടെ 15 വ്യത്യസ്ത തരം ശബ്ദം റെക്കോഡ് ചെയ്ത് സോണോഗ്രാം ആക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്തർദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഓഡിനേറ്ററുംകൂടിയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.