മലയാളി രുചി ലോകത്തിന്റെ നെറുകയിൽ
text_fieldsഇന്ത്യൻ രുചിയുടെ ആഗോള ബ്രാൻഡാണ് ഷെഫ് പിള്ള. അദ്ദേഹത്തിന്റെ ബഹ്റൈനിലെ ആദ്യ സംരംഭം ജുഫയർ വിൻധാം ഗാർഡൻ ഹോട്ടലിൽ ജഷാൻ റസ്റ്റാറന്റ് എന്ന പേരിൽ ഇന്നുമുതൽ പ്രവർത്തനമാരംഭിക്കുന്നു. ഈ അവസരത്തിൽ ഷെഫ് സുരേഷ് പിള്ള ഗൾഫ് മാധ്യമവുമായി രുചിയുടെ രസതന്ത്രത്തെപ്പറ്റി സംസാരിക്കുന്നു....
കൊല്ലം ജില്ലയിലെ മനോഹരമായ അഷ്ടമുടിക്കായലിന്റെ തീരത്തെ ദ്വീപിൽ ജനിച്ചു വളർന്നയാളാണ് ഞാൻ. കടൽ, കായൽ വിഭവങ്ങൾ ആവശ്യാനുസരണം കഴിച്ചാണ് വളരുന്നത്. അന്നു കഴിച്ച ഗ്രാമീണ രുചികളൊക്കെ ഷെഫാകാൻ പ്രചോദകമായിട്ടുണ്ട്. കേരളീയ ഭക്ഷണത്തിന്റെ സ്വാദ് വലിയൊരു ഘടകമാണ്.
ലോകത്തൊരുപാട് സ്ഥലങ്ങളിൽ സഞ്ചരിച്ചപ്പോൾ കേരള ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലായി. സുഗന്ധവ്യഞ്ജനങ്ങളും മറ്റും പലയളവുകളിൽ ചേർക്കുന്ന ഇത്രയും സങ്കീർണമായ പാചക രീതികളും രുചിവൈവിധ്യങ്ങളുമുള്ള ഭക്ഷണം വേറെയില്ല. അത്രയെളുപ്പത്തിലൊന്നും മലയാളി ഭക്ഷണം, പച്ചക്കറിയാകട്ടെ, മത്സ്യ മാംസാദികളാകട്ടെ ആർക്കും ഉണ്ടാക്കാൻ പറ്റില്ല.
കുടംപുളി മുതൽ ഇലുമ്പൻ പുളിവരെ, നെല്ലിക്കമുതൽ പഴങ്ങൾവരെ. പഴങ്ങളും പച്ചക്കറികളും എല്ലാം അതാതിന്റെ അളവിൽ ചേർത്തൊരുക്കുന്ന പയനയർ പ്രോഡക്ടാണ് കേരള ഭക്ഷണം. യു.കെയിലൊക്കെ ജോലി ചെയ്ത സമയത്ത് മറ്റ് പാചകരീതികളിലേക്ക് മാറാൻ അവസരമുണ്ടായിട്ടുണ്ട്. എന്നാൽ, കേരളീയ ഭക്ഷണം ലോകം മുഴുവൻ എത്തിക്കണമെന്നും അത് കഴിക്കുന്നവരുടെ അംഗീകാരം നേടണമെന്നുമായിരുന്നു ആഗ്രഹം.
മീൻ സമ്പുഷ്ടമായ പവിഴദ്വീപ്
കോവിഡിന് മുമ്പാണ് ആദ്യമായി ബഹ്റൈനിൽ വന്നത്. ആദ്യദിവസം തന്നെ ഫിഷ് മാർക്കറ്റ് കാണാനാണ് പോയത്. എത്രമാത്രം മത്സ്യങ്ങൾ, ഫ്രഷും രുചികരവും. ഓയ്സ്റ്റർ, ലോബ്സ്റ്റർ എന്നിങ്ങനെ എല്ലാതരം കടൽ വിഭവങ്ങളും. ഹമൂർ, ഞണ്ട്, ചെമ്മീൻ അങ്ങനെയെല്ലാം. ഒരു ഷെഫിനെ ഉന്മാദാവസ്ഥയിലെത്തിക്കുന്ന കടൽവിഭവങ്ങൾ. അപ്പോൾതന്നെ മെനു നിശ്ചയിച്ചു മനസ്സിൽ. എല്ലാ മത്സ്യവിഭവങ്ങളും ബഹ്റൈനിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഞങ്ങളുടെ ടീം.
ഫിഷ് നിർവാണക്കും അപ്പുറം
എല്ലാ വീടുകളുടെയും അടുക്കളയിൽ കാണുന്ന സുലഭമായ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ വ്യത്യസ്ത രുചികളൊരുക്കാം എന്നാലോചിച്ചപ്പോൾ ഉരുത്തിരിഞ്ഞ് വന്നതാണ് ഫിഷ് നിർവാണ. ലോക്ഡൗൺ കാലയളവിലൊക്കെ ഫിഷ് നിർവാണ സമൂഹമാധ്യമങ്ങൾ വഴി ഹിറ്റായി ജനം ഏറ്റെടുക്കുകയായിരുന്നു.
എന്റെ 26ാമത്തെ റസ്റ്റാറന്റാണ് ബഹ്റൈനിൽ തുടങ്ങുന്നത്. ഈ റസ്റ്റാറന്റുകളിലെല്ലാമായി മുന്നൂറിലധികം ഷെഫുമാരുണ്ട്. അവരെല്ലാം തനത് വൈദഗ്ധ്യമുള്ളവരാണ്. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി തനത് വിഭവങ്ങൾ ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം.
ബഹ്റൈനിലെ മലയാളി രുചികൾ സംബന്ധിച്ച് ഞങ്ങൾ പഠനം നടത്തിയിരുന്നു. എട്ടംഗ ഷെഫുമാരുടെ സംഘം ഏതാണ്ടെല്ലാ റസ്റ്റാറന്റുകളിലേയും വിഭവങ്ങൾ രുചിച്ചുനോക്കി. ബഹ്റൈൻ മലയാളികളുടെ രുചികളും സുഗന്ധ വ്യഞ്ജനങ്ങളുടെ അളവുമെല്ലാം മനസ്സിലാക്കാൻ പറ്റി.
ബഹ്റൈൻ മലയാളികൾക്ക് നാട്ടിലുള്ളവരെക്കാൾ കുറഞ്ഞ സുഗന്ധ വ്യഞ്ജനങ്ങൾ മതി. അറബിക് ഫുഡുകളുടെ സ്വാധീനം മൂലമുണ്ടായതാണ് ആ മാറ്റം. അതിന്റെയെല്ലാം പ്രതിഫലനം ജഷാൻ ഷെഫ് പിള്ള റസ്റ്റാറന്റിലുണ്ടാകും. ഓരോ ദിവസവും ഉപഭോക്താക്കളുടെ ഫീഡ്ബാക്ക് എടുത്ത് വിഭവങ്ങളിൽ ആവശ്യമായ പുതുമ കൊണ്ടുവരും. ഭക്ഷണപ്രേമികളുടെ ആവശ്യങ്ങൾക്കനുസൃതമായ പുതിയ വിഭവങ്ങളും പുതിയ രുചികളും ഇനി ഓരോ ദിവസവും പ്രതീക്ഷിക്കാം.
സഞ്ചാരി റസ്റ്റാറന്റുകൾ
യാത്രക്കാർക്കായുള്ള പ്രത്യേക രുചികൾ പരീക്ഷിക്കാനാണ് സഞ്ചാരി റസ്റ്റാറന്റുകൾ എന്ന ശൃംഖല തുടങ്ങിയത്. ഷെഫ് പിള്ള റസ്റ്റാറന്റുകളിൽ മാത്രം ഫിഷ് നിർവാണയും ഉണ്ണിയപ്പം ഫലൂദപോലുള്ള വിഭവങ്ങളും മതിയെന്നായിരുന്നു തീരുമാനം. എന്നാൽ, സഞ്ചാരിയിൽ വരുന്ന ആളുകളും നിർവാണയും മറ്റ് വിഭവങ്ങളും ചോദിച്ചു തുടങ്ങിയതോടെ അത് എല്ലാ റസ്റ്റാറന്റുകളിലേക്കും വ്യാപിപ്പിക്കേണ്ടിവന്നു.
ക്ലാസിക് നോർത്ത് ഇന്ത്യൻ വിഭവങ്ങളും
മുഗളായി, അവധി, ലഖ്നൗവി തുടങ്ങിയ ക്ലാസിക് വിഭവങ്ങളും ബട്ടർ ചിക്കൻ, ബിരിയാണി ഇനങ്ങൾ തുടങ്ങി എല്ലാവർക്കും ഇഷ്ടമുള്ള വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 60 സീറ്റുകളുള്ള സ്പെഷാലിറ്റി റസ്റ്റാറന്റാണിത്. ഫൈൻ ഡൈനിങ്ങിന് പറ്റിയ ഇടം. അത്തരമൊരു അന്തരീക്ഷം മലയാളികൾക്കും ഇന്ത്യക്കാർക്കും ലഭ്യമാക്കുകയാണ് ഉദ്ദേശിക്കുന്നത്. ഭക്ഷണത്തിനൊപ്പം മികച്ച സർവിസും ഞങ്ങളുടെ വാഗ്ദാനമാണ്.
ഗൾഫിലെ റസ്റ്റാറന്റുകൾ സ്വപ്ന സാക്ഷാത്കാരം
ഈ രംഗത്ത് തുടക്കമിട്ടപ്പോഴേയുള്ള ആഗ്രഹമായിരുന്നു മലയാളികൾ ധാരാളമായുള്ള ഗൾഫ് രാജ്യങ്ങളിൽ റസ്റ്റാറന്റ് തുടങ്ങുക എന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികൾ വർഷങ്ങളായി അവിടെ താമസിക്കുന്നവരാണ്. അവർ മറ്റ് രുചികളുമായി പരിചയപ്പെട്ടവരാണ്.
അതുകൊണ്ടുതന്നെ ഓരോ രാജ്യത്തെയും മലയാളികളുടെ രുചിതാൽപര്യത്തിൽ ചെറിയ വ്യത്യാസമുണ്ടാകാം. അതനുസരിച്ച് വിഭവങ്ങളൊരുക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ഖത്തറിലാണ് ഗൾഫിലാദ്യം റസ്റ്റാറന്റ് തുടങ്ങിയത്. അതിനുശേഷം ബഹ്റൈനിലെത്തുകയാണ്. യു.എ.ഇ, കുവൈത്ത്, ഒമാൻ അടക്കം മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഉടൻ തുടങ്ങും. യൂറോപ്യൻ രാജ്യങ്ങളിലും റസ്റ്റാറന്റ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.