മലയാളിയുടെ മോചനം: ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് പ്രവാസി ലീഗൽ സെൽ
text_fieldsമനാമ: ബഹ്റൈനിൽ തടവിലായ ഇന്ത്യക്കാരിയുടെ മോചനത്തിനായി ഇന്ത്യൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രവാസി ലീഗൽ സെൽ.
വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന കുറ്റമാരോപിച്ചാണ് മലയാളി യുവതിയെ തടവിലാക്കിയിരിക്കുന്നത്. 1999ൽ ഇന്ത്യയിൽനിന്ന് ബി.എഡ് യോഗ്യത നേടിയതിനുശേഷം വർഷങ്ങളായി ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരുകയായിരുന്നു മലയാളി യുവതി.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ബഹ്റൈനിൽ നടന്നതിനെ തുടർന്നാണ് പ്രശ്നങ്ങളുടെ ആരംഭം. ബി.എഡ് പഠിച്ച സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടന്നപ്പോൾ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കാത്തതിനെ തുടർന്ന് വെരിഫിക്കേഷൻ ഏജൻസി നെഗറ്റിവ് റിപ്പോർട്ട് നൽകുകയായിരുന്നു.
നാട്ടിൽനിന്ന് ബഹ്റൈനിൽ വന്നിറങ്ങിയ ഉടനെ വിമാനത്താവളത്തിൽവെച്ചുതന്നെ യുവതി അറസ്റ്റിലായി. എന്നാൽ, ജോലിയിൽ പ്രവേശിച്ച സമയത്ത് സ്ഥാപനം പ്രവർത്തിച്ചിരുന്നു എന്നു മാത്രമല്ല, ഇന്ത്യൻ മാനവവിഭവശേഷി വികസന മന്ത്രാലയവും വിദേശകാര്യ വകുപ്പും ഈ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തി നൽകിയിരുന്നതാണ്. വർഷങ്ങൾക്കു മുമ്പ് പഠനം നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും തുടർന്ന് വെരിഫിക്കേഷൻ നടക്കുമ്പോൾ നെഗറ്റിവ് റിപ്പോർട്ട് വരുകയും വിദേശരാജ്യങ്ങളിൽ നിയമനടപടി ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലും ഇന്ത്യക്കാർ ഭീതിയിലാണെന്നും വേണ്ട നിർദേശം വിവിധ അതോറിറ്റികൾക്കും വിദേശത്തുള്ള എല്ലാ ഇന്ത്യൻ മിഷനുകൾക്കും നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് എന്നിവരാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.