മാമുക്കോയയുടെ വിയോഗത്തിന്റെ ഞെട്ടലിൽ ബഹ്റൈനും
text_fieldsമനാമ: കാലിഫോർണിയയിലേക്ക് ചരക്കുമായി പോകുന്ന ഉരു ദുബൈ കടപ്പുറം വഴി തിരിച്ചുവിടാൻ ഇനി ഗഫൂർക്കയില്ല എന്ന യാഥാർഥ്യത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകം. നാട്ടിൽ ഗതിയില്ലാതെ അലഞ്ഞ സാധാരണക്കാരൻ ജീവിതമാർഗത്തിനായി ഗൾഫ് പ്രവാസം തിരഞ്ഞെടുത്ത നാളുകളിലാണ്, മാമുക്കോയ അഭിനയിച്ച ‘നാടോടിക്കാറ്റ്’ സിനിമ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ തിയറ്ററുകളിലെത്തുന്നത്.
ശരാശരി മലയാളി നേരിട്ടിരുന്ന തൊഴിലില്ലായ്മയുടെയും ജീവിത പ്രശ്നങ്ങളുടെയും നേർസാക്ഷ്യമായിരുന്നു സിനിമ. ഗഫൂർക്കയും ഗഫൂർക്കാ ദോസ്തുമാരും അന്ന് പ്രവാസികൾക്കെല്ലാം അത്രമേൽ പരിചിതരായിരുന്നു. നിയമപ്രകാരമല്ലാതെ ഗഫൂർക്കയെ പോലുള്ള ഏജന്റുമാർക്ക് പണം കൊടുത്ത് വഞ്ചിതരായവർ ഏറെയുണ്ടായിരുന്നു. ബോംബെയിൽ പോയി മാസങ്ങളോളം താമസിക്കും. അവിടെനിന്ന് ഏജന്റുമാർ കപ്പലിൽ കയറ്റിവിടും. അങ്ങനെ പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രവാസഭൂമിയിലെത്തിയവരും നിരവധിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദാസനോടും വിജയനോടുമൊപ്പം മാമുക്കോയയും പ്രവാസികളുടെ മനസ്സിൽ ഇടംപിടിച്ചു. സിനിമയിറങ്ങി 35 വർഷമായിട്ടും മാമുക്കോയയുടെ കഥാപാത്രത്തെ മറക്കാൻ സാധിക്കാത്തതിനു കാരണം അഭിനയത്തിലെ സ്വാഭാവികതയായിരുന്നു. ബഹ്റൈനിൽ നാടോടിക്കാറ്റ് പ്രദർശിപ്പിച്ച ഓർമകൾ തൊണ്ണൂറുകളിൽ ഇവിടെയെത്തിയ പലർക്കുമുണ്ട്.
മുഹറഖിലും മനാമയിലും പ്രവർത്തിച്ചിരുന്ന ഓപൺ തിയറ്ററുകളിലാണ് ആദ്യകാലങ്ങളിൽ മലയാളസിനിമ പ്രദർശിപ്പിച്ചിരുന്നത്. പിന്നീട് അൽ നാസർ തിയറ്ററിലും അവാലി തിയറ്ററിലും പ്രദർശനം തുടങ്ങി. അൽഹംറ തിയറ്ററിലും മലയാളസിനിമ വരുമായിരുന്നു. നാടോടിക്കാറ്റിനും മികച്ച പ്രതികരണമായിരുന്നു പ്രവാസലോകത്തുനിന്ന് ലഭിച്ചതെന്നും പലരും ഓർത്തെടുക്കുന്നു. പിന്നീട് പ്രവാസ സംഘടനകളുടെ ക്ഷണം സ്വീകരിച്ച് മാമുക്കോയ പലതവണ ബഹ്റൈൻ സന്ദർശിച്ചിട്ടുണ്ട്.
എളിയ നിലയിൽനിന്ന് വളർന്ന് മലയാളത്തിന്റെ അഭിമാനമായി മാറിയ മാമുക്കോയ എന്നും അതിശയമായിരുന്നെന്ന് കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അനുസ്മരിച്ചു. സാധാരണക്കാരായ പ്രവാസികളുടെ വിചാരവികാരങ്ങളെ സത്യസന്ധമായി വെള്ളിത്തിരയിൽ പ്രതിഫലിപ്പിച്ച മാമുക്കോയ എന്നും ആരാധനാപാത്രമായിരുന്നെന്ന് ലോക കേരളസഭ അംഗം സുബൈർ കണ്ണൂർ പറഞ്ഞു.
സ്വാഭാവികമായ അഭിനയം കൊണ്ട് മനസ്സുകളെ കീഴടക്കിയ പ്രതിഭയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ വിയോഗവാർത്ത ഞെട്ടലുളവാക്കുന്നതാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനായ സോമൻ ബേബി പറഞ്ഞു. മാമുക്കോയയോട് സൗഹൃദമുണ്ടായിരുന്നിട്ടും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ സാധിക്കാതെ പോയതിൽ ദുഃഖമുണ്ടെന്ന് നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രകാശ് വടകര പറഞ്ഞു.
മാമുക്കോയ പങ്കെടുത്ത പരിപാടികളിലെ നിറഞ്ഞ ജനസാന്നിധ്യം അദ്ദേഹത്തെ പ്രവാസികൾ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. കാലിഫോർണിയയിലേക്ക് ചരക്കുമായി പോയ ഉരുവിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ഉരു എന്ന സിനിമയിലും അവസാനകാലത്ത് മാമുക്കോയ വേഷമിട്ടിരുന്നു. ബേപ്പൂരിൽ ഉരു നിർമിക്കുന്ന മൂത്താശാരിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.